മൂവാറ്റുപുഴ: ത്രിവേണിയോണം 2026-ന്റെ കണക്കുകള് ലഭ്യമല്ലെന്ന തരത്തിലുള്ള വിവരാവകാശ മറുപടി ഉയര്ത്തിക്കാട്ടി അനാവശ്യ പ്രചാരണം നടത്തുകയാണെന്ന് മൂവാറ്റുപുഴ നഗരസഭാ ചെയര്പേഴ്സണ് ജോയ്സ് മേരി ആന്റണി. ത്രിവേണിയോണത്തിന്റെ വിശദമായ വരവ്-ചെലവ് കണക്കുകള് നഗരസഭാ കൗണ്സിലില് അവതരിപ്പിക്കുകയും ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തതിനു പിന്നാലെയാണ് ചെയര്പേഴ്സണ് വിഷയത്തില് വിശദീകരണം നല്കിയത്. ത്രിവേണിയോണം വന്വിജയമായതും വലിയ ജനപങ്കാളിത്തം ഉറപ്പാക്കാന് കഴിഞ്ഞതും ചിലരില് അസ്വസ്ഥതയുണ്ടാക്കിയതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ആരോപണങ്ങളെ കാണുന്നതെന്ന് ചെയര്പേഴ്സണ് പറഞ്ഞു.
പൊതുജനങ്ങള്, അവരുടെ ജനപ്രതിനിധികളായ കൗണ്സിലര്മാര്, ചെയര്പേഴ്സണ്, നഗരസഭാ സെക്രട്ടറി, പോലീസ് ഉള്പ്പെടെയുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര് എന്നിവരുടെ സഹകരണത്തോടെയാണ് ത്രിവേണിയോണം സംഘടിപ്പിച്ചത്. സംഘാടക സമിതിയുടെ കീഴില് പരിപാടിയുടെ സാമ്പത്തിക കാര്യങ്ങള് കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക ധനകാര്യ സമിതിയും രൂപീകരിച്ചിരുന്നു. ഈ സമിതിയാണ് ഫണ്ട് ശേഖരണവും ചെലവുകളും നിര്വഹിച്ചത്. ധനകാര്യ സമിതിയുടെ ഇടപാടുകള് നഗരസഭയുടെ ഔദ്യോഗിക അക്കൗണ്ടിന്റെ പരിധിയില് വരാത്തതിനാലാകാം വിവരാവകാശ ഓഫീസര് അത്തരമൊരു മറുപടി നല്കിയതെന്നാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നേരിട്ട് അന്വേഷിച്ചതില്നിന്ന് മനസ്സിലാക്കാന് കഴിഞ്ഞതെന്ന് ചെയര്പേഴ്സണ് വ്യക്തമാക്കി. എന്നാല്, ഓണാഘോഷവുമായി ബന്ധപ്പെട്ട യോഗങ്ങള് നഗരസഭയില്വച്ചാണ് നടന്നത്. അതിന്റെ മിനിറ്റ്സ് ബുക്കും യോഗതീരുമാനങ്ങളും നഗരസഭയില് ലഭ്യമാണ്.
കഴിഞ്ഞ ദിവസം ചേര്ന്ന സംഘാടക സമിതി യോഗത്തില് ത്രിവേണിയോണത്തിന്റെ മുഴുവന് വരവ്-ചെലവ് കണക്കുകളും വിശദമായി അവതരിപ്പിക്കുകയും യോഗം അവ ഐകകണ്ഠ്യേന അംഗീകരിക്കുകയും ചെയ്തിരുന്നു. ഇതിനു മുമ്പുതന്നെ നഗരസഭയിലെ 30 കൗണ്സിലര്മാര്ക്കും കണക്കുകള് ബോധ്യപ്പെടുത്തിയിരുന്നു. തുടര്ന്നാണ് നഗരസഭാ കൗണ്സിലും കണക്കുകള് അംഗീകരിച്ചത്. മുന്കാലങ്ങളില് പൊതുജനപങ്കാളിത്തത്തോടെ പൊതുപരിപാടികള് സംഘടിപ്പിക്കുമ്പോള് പിന്തുടര്ന്നിരുന്ന രീതിയിലാണ് ഇത്തവണയും പരിപാടി നടത്തിയത്. പൊതുജനപങ്കാളിത്തവും സുതാര്യതയും ലക്ഷ്യമിടുന്ന സ്വതന്ത്ര സംവിധാനമാണ് സംഘാടക സമിതി. അതിനാല് സമിതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടില് സ്വീകരിക്കുന്ന സംഭാവനകളും നടത്തുന്ന സാമ്പത്തിക ഇടപാടുകളും നഗരസഭാ ഫണ്ടിന്റെ ഭാഗമല്ലെന്നും ചെയര്പേഴ്സണ് വിശദീകരിച്ചു.
ത്രിവേണിയോണം പരിപാടിക്കായി ഇനിയും ഏകദേശം 12 ലക്ഷം രൂപയുടെ വാഗ്ദാനങ്ങള് ലഭിച്ചിട്ടുണ്ടെങ്കിലും ഈ തുകകള് കൂടി പരിഗണിച്ചിട്ടും 3,48,929 രൂപയുടെ ബാധ്യതയിലാണ് പരിപാടി നടത്തിയതെന്നും ചെയര്പേഴ്സണ് പറഞ്ഞു. വരവ്-ചെലവ് കണക്കുകള് സുതാര്യമായും കൃത്യതയോടെയുമാണ് തയ്യാറാക്കിയിട്ടുള്ളത്. സംഘാടക സമിതിയും നഗരസഭാ കൗണ്സിലും കണക്കുകള് പരിശോധിച്ച് അംഗീകരിച്ച സാഹചര്യത്തില്, വസ്തുതകള് മനസ്സിലാക്കാതെ വിവരാവകാശ മറുപടിയെ മാത്രം അടിസ്ഥാനമാക്കി പ്രചാരണം നടത്തുന്നത് ശരിയല്ലെന്നും ചെയര്പേഴ്സണ് വ്യക്തമാക്കി.

