കൊച്ചി: വയനാട് വാഴവറ്റയിലെ തറവാട്ട് വീട്ടിൽ നിന്ന് മദ്യം പിടിച്ചെടുത്ത കേസിൽ റിപ്പോർട്ടർ ടിവി എംഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. അർജന്റീന ടീമിന്റെ കേരള വരവുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് കേസിൽ റിപ്പോർട്ടർ ഹെഡ് ഓഫീസിൽ എസ്ഐടി 21 മണിക്കൂർ പരിശോധന നടത്തി മടങ്ങിയതിന് പിന്നാലെയാണ് എക്സൈസ് സംഘം അറസ്റ്റുമായി എത്തിയത്. വ്യാഴാഴ്ച പുലർച്ചെ 2.30 ഓടെ റിപ്പോർട്ടർ ഓഫീസിലെത്തിയ എക്സൈസ് സംഘം എഫ്ഐആർ ഇല്ലാതെയാണ് അറസ്റ്റിന് ശ്രമിച്ചതെന്നും ഇത് ആന്റോ ചോദ്യം ചെയ്തതായും റിപ്പോർട്ടുണ്ട്. പിന്നീട് എഫ്ഐആർ കൈമാറിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
അതിനിടെ, റിപ്പോർട്ടർ ഓഫീസിലെ പരിശോധനയിൽ എസ്ഐടി നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. അമേരിക്കൻ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സെർച്ച് വാറണ്ട് ഉൾപ്പെടെ എല്ലാ നിയമപരമായ അനുമതികളോടെയാണ് പരിശോധന. എസ്ഐടി എങ്ങനെ പ്രവർത്തിക്കണമെന്ന് സർക്കാരോ ആഭ്യന്തരമന്ത്രിയോ പറയേണ്ടതില്ല. കഴിഞ്ഞ 10 വർഷത്തിനിടെ മാധ്യമങ്ങൾക്കെതിരെ എത്ര നടപടികളുണ്ടായി? അന്ന് ആരും അടിയന്തരാവസ്ഥ കണ്ടില്ലേ എന്നും മന്ത്രി ചോദിച്ചു.
അർജന്റീനയുടെ വരവുമായി ബന്ധപ്പെട്ട കേസിൽ തൃക്കാക്കര എസിപി ബിജോയ് ചന്ദ്രന്റെ നേതൃത്വത്തിലായിരുന്നു റിപ്പോർട്ടർ ഓഫീസിലെ റെയ്ഡ്. അറസ്റ്റ് പൂർണമായും പ്രതികാര നടപടിയാണെന്ന് ആന്റോ അഗസ്റ്റിൻ പ്രതികരിച്ചു. താൻ മദ്യപിക്കാറില്ലെന്നും മദ്യവുമായി ബന്ധപ്പെട്ട ഒരു കാര്യവും തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു.

