മുഖ്യമന്ത്രി വി ഡി സതീശനെതിരെ വിമര്‍ശനവുമായി സമസ്ത ഇകെ വിഭാഗത്തിന്റെ മുഖപത്രം സുപ്രഭാതം. മര്യാദയ്ക്ക് സംസാരിക്കണം എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം. കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമര്‍ശം തള്ളിയതിന്റെ പശ്ചാത്തലത്തിലാണ് മുഖപ്രസംഗം മുഖ്യമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. ശബരിമലയിലെ യുവതീ പ്രവേശനത്തെ എതിര്‍ത്ത വി ഡി സതീശന് തന്നെയാണ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ഇപ്പോള്‍ വാചാലനാകുന്നതെന്നും മുഖപ്രസംഗം വിമര്‍ശിക്കുന്നു.
ചേന്തി അനില്‍ വിഷയത്തില്‍ മുഖ്യമന്ത്രി പറഞ്ഞ മര്യാദയ്ക്ക് സംസാരിക്കണമെന്ന വാചകത്തെ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കുകയാണ് മുഖപ്രസംഗം. കാന്തപുരം നടത്തിയ പ്രസ്താവനയ്ക്ക് അതിന്റേതായ മാനദണ്ഡങ്ങളുണ്ട്. പെണ്ണുങ്ങള് പ്രദര്‍ശിക്കപ്പെടുമ്പോള്‍ മഹാനാശമുണ്ടാകുന്നു എന്ന് കാന്തപുരം പറഞ്ഞത് സ്ത്രീ അഴിഞ്ഞാട്ടങ്ങളുണ്ടാക്കുന്ന അധാര്‍മികത ഓര്‍മിപ്പിക്കുന്ന വിശ്വാസിസമൂഹത്തെ അണിനിരത്തുന്ന കേന്ദ്രത്തില്‍ നിന്നാണ്. കാന്തപുരത്തിന് അത് പറയാന്‍ സ്വാതന്ത്ര്യമുണ്ട്. കാന്തപുരത്തിന്റേത് 19-ാം നൂറ്റാണ്ടില്‍ നിന്ന് വന്ന അപരിഷ്കൃതമായ പരാമര്‍ശമെന്ന് പറയാന്‍ വി ഡി സതീശനുള്ള അതേ സ്വാതന്ത്ര്യം സ്വന്തം നിലപാട് പറയാന്‍ കാന്തപുരത്തിനുമുണ്ടെന്നാണ് മുഖപ്രസംഗം പറയുന്നത്.
കാന്തപുരത്തെ തള്ളിപ്പറഞ്ഞ വി ഡി സതീശന്റെ നിലപാടിന് കിട്ടുന്ന പിന്തുണ ഇസ്ലാമിക സ്ത്രീ സങ്കല്‍പ്പം എന്തെന്ന് മനസിലാക്കാത്തതിന്റെ തകരാറില്‍ നിന്നുള്ളതെന്നും മുഖപ്രസംഗം ആഞ്ഞടിക്കുന്നു. കുരുടന് ആനയെ തൊട്ട അനുഭവമാണ് ഈ വിഷയത്തില്‍ വി ഡി സതീശനുള്ളതെന്നും മുഖപ്രസംഗത്തിലുണ്ട്. വി ഡി സതീശന് ഇസ്ലാമിക ചരിത്രത്തെക്കുറിച്ച് അറിയാത്തതിന്റെ കുഴപ്പമാണിതെന്നും മുഖപ്രസംഗം സൂചിപ്പിക്കുന്നു. വീട്ടകത്ത് ഒതുങ്ങേണ്ടവളല്ല സ്ത്രീയെന്നും ഇസ്ലാമിക ചരിത്രവും പ്രവാചകന്റെ ഭാര്യമാരുടെ തൊഴിലിനെക്കുറിച്ചുള്ള ചരിത്രവും ഇത് തന്നെ പറയുന്നുവെന്നായിരുന്നു മുഖ്യമന്ത്രി വി ഡി സതീശന് പ്രതികരിച്ചിരുന്നത്.

