എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യ വകുപ്പില്‍ ഉപകരണങ്ങള്‍ വാങ്ങിയതിലെ ക്രമക്കേട് ആരോപണത്തില്‍, അന്വേഷണ കമ്മിറ്റിയെ നിയോഗിച്ച് ആരോഗ്യവകുപ്പ്. ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണ് കമ്മിറ്റിയുടെ അധ്യക്ഷന്‍.
നാഷണല്‍ ഹെല്‍ത്ത് മിഷന്റെ എസ്എംഡി, കേരള മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ലിമിറ്റഡ് എംഡി, ഡിഎംഇ, ഡിഎച്ച്എസ് അടക്കമുള്ളവര്‍ കമ്മറ്റിയിലുണ്ടാകും. ഇന്നലെ എല്ലാ മെഡിക്കല്‍ കോളജുകളിലെയും പ്രിന്‍സിപ്പല്‍മാരുടെയും സൂപ്രണ്ടുമാരുടെയും യോഗം വിളിച്ചിരുന്നു. ഉപകരണങ്ങള്‍ വാങ്ങിയത് സംബന്ധിച്ച കണക്കുകള്‍ അഞ്ച് ദിവസത്തിനകം നല്‍കണമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി നിര്‍ദേശിച്ചു.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ പത്ത് വര്‍ഷക്കാലത്ത് ഉപകരണങ്ങള്‍ വാങ്ങിയത് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആരോഗ്യ വകുപ്പ് വാങ്ങിയ എല്ലാ മെഡിക്കല്‍ ഉപകരണങ്ങളുടെയും അനുബന്ധ ഉപകരണങ്ങളുടെയും വാങ്ങല്‍, സ്ഥാപിക്കല്‍, കമ്മിഷനിങ്, ഉപയോഗം, പരിപാലനം, നിലവിലെ അവസ്ഥ എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണമാണ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ ആരോഗ്യ വകുപ്പില്‍ വില കൂടിയ മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് നടപടി.


