പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ യാത്ര മുടങ്ങിയ സംഭവം, കേരള ഹൗസിൽ അടിയന്തര യോഗം ചേരും. ARC അശ്വതി ശ്രീനിവാസ് ആണ് യോഗം വിളിച്ചത്. രാവിലെ 11 മണിക്കാണ് യോഗം ചേരുക. കേരള ഹൗസ് കൺട്രോളർ അടക്കം എല്ലാ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കും. വിദേശത്തുള്ള റസിഡൻറ് കമ്മീഷണർ പുനീത് കുമാർ, ARC യിൽ നിന്നു റിപ്പോർട്ട് തേടിയിരുന്നു.
പ്രോട്ടോക്കോൾ ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയേക്കും. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ പരാതി നൽകിയിട്ടില്ലെന്ന് സൂചന. ഇന്നലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽനിന്ന് അഡീഷണൽ റസിഡന്റ് കമ്മിഷണർ വിശദീകരണം തേടിയിരുന്നു. ഡൽഹി വിമാനത്താവളത്തിൽ സമയത്ത് എത്തിയിട്ടും പിണറായി വിജയന്റെ യാത്ര മണിക്കൂറുകൾ വൈകിയിരുന്നു.
ഉച്ചയ്ക്ക് 2.50 നുള്ള വിമാനത്തിൽ കോഴിക്കോടേക്കാണ് പോകേണ്ടിയിരുന്നത്. എന്നാല്‍ വിമാനത്താവളത്തിൽ എത്തിയെങ്കിലും വിമാനത്തിൽ കയറാനായില്ല. വി ഐ പി ലോഞ്ചിൽ ഇരുന്ന പിണറായിയെ സ്വീകരിക്കാൻ വിമാനക്കമ്പനി അധികൃതർ എത്താതെയിരുന്നതിനെ തുടർന്നുള്ള ആശയക്കുഴപ്പമാണ് വിമാനത്തിൽ കയറാൻ കഴിയാതെ പോയതിൻ്റെ കാരണം എന്നാണ് വിവരം.
കേരള ഹൗസിൽ നിന്നുള്ള ഉദ്യോഗസ്ഥരും പിണറായിയെ യാത്രയാക്കാൻ എത്തിയിരുന്നു. പിന്നീട് അദ്ദേഹം മറ്റൊരു വിമാനത്തിൽ കോഴിക്കോടേക്ക് എത്തുകയായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ പങ്കെടുക്കാൻ വ്യാഴാഴ്ചയാണ് പിണറായി ഡല്‍ഹിയിൽ എത്തിയത്. പോളിറ്റ് ബ്യൂറോ കഴിഞ്ഞ് ഇന്നലെ മടങ്ങാനിരിക്കെയാണ് വിമാനയാത്ര മുടങ്ങിയത്.


