പൂനെ: പൂനെ ഗാഹുൻജെയിലെ യുവ വ്യവസായി കേതൻ അഗർവാളിനെ ലോഹഗഡ് കോട്ടയിലെ കൊക്കയിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ കേസ് പുതിയ തിരിവിലേക്ക്. ചോദ്യം കുറ്റം ചെയ്യാനുണ്ടായ ആസൂത്രണത്തെ ചൊല്ലി ഇരുവരും പഴിചാരുകയാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ, നിലവിൽ ലഭിച്ച തെളിവുകൾ പ്രകാരം കൊലപാതകത്തിന്റെ മാസ്റ്റർ മൈൻഡ് സിയ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.
ചോദ്യം ചെയ്യുന്നതിനിടയിലാണ് പ്രതികൾ പരസ്പരവിരുദ്ധമായി കുറ്റപ്പെടുത്തിയത്. കൊലപാതകം ആസൂത്രണം ചെയ്തത് കാമുകൻ ചേതൻ ചൗധരിയാണെന്നാണ് സിയയുടെ വാദം. എന്നാൽ, കേതനെ കേതനെ കൊലപ്പെടുത്താൻ സിയ തന്നെ നിർബന്ധിക്കുകയായിരുന്നുവെന്നാണ് ചേതൻ പൊലീസിനോട് പറഞ്ഞത്. ഫെബ്രുവരിയിൽ വിവാഹനിശ്ചയം കഴിഞ്ഞപ്പോൾ മുതൽ വിവാഹത്തിന് തനിക്ക് താല്പര്യമില്ലെന്ന് പലതവണ പറഞ്ഞിട്ടും കേതൻ വിവാഹത്തിൽ നിന്ന് പിൻവാങ്ങാൻ തയ്യാറായില്ലെന്നും സിയ പറഞ്ഞു. ഇതിനെത്തുടർന്നാണ് കേതനെ വധിക്കാൻ ചേതൻ പദ്ധതിയിട്ടതെന്നാണ് സിയയുടെ വാദം. എന്നാൽ, കേതനെ ഇല്ലാതാക്കാൻ ഇവർ മുൻകൂട്ടി ഗൂഢാലോചന നടത്തിയെന്നുമാണ് പൊലീസ് കണ്ടെത്തൽ.
മെയ് 31-ന് കേതനുമൊത്ത് ലോഹഗഡ് കോട്ട സന്ദർശിച്ചപ്പോൾ കേതൻ മലഞ്ചെരുവിൽ ഇരിക്കുന്നത് കണ്ടപ്പോഴാണ് ആദ്യമായി കൊലപാതക ചിന്ത സിയയുടെ മനസ്സിൽ ഉദിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. തുടർന്ന് ജൂൺ 14-ന് സമാനമായ രീതിയിൽ കോട്ടയിൽ വെച്ച് കേതനെ തള്ളിയിടാൻ ശ്രമിച്ചെങ്കിലും അത് പരാജയപ്പെട്ടപ്പോൾ പാമ്പ് വന്നതാണെന്ന് വ്യാജ ഭീതി പരത്തി സിയ രക്ഷപ്പെടുകയായിരുന്നു. അതേസമയം, കേസിൽ മകൾ കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ അവൾക്ക് കടുത്ത ശിക്ഷ തന്നെ നൽകണമെന്ന് സിയയുടെ മാതാപിതാക്കൾ മാധ്യമങ്ങളോട് പറഞ്ഞു.
തങ്ങൾക്ക് നിയമവ്യവസ്ഥയിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കൊല്ലപ്പെട്ട കേതൻ അഗർവാളിന്റെ അമ്മാവൻ വിജയ് അഗർവാൾ പ്രതികരിച്ചു. കേസിൽ കൂടുതൽ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിനായി സിയയെയും ചേതനെയും ജൂൺ 29 വരെ ഏഴ് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.


