അധികാരമേറ്റ് ഒരു മാസത്തിനുള്ളിൽ, യുഡിഎഫ് ഇന്ദിര ഗ്യാരണ്ടി നടപ്പിലാക്കിയെന്ന് കെ സി വേണുഗോപാൽ എം പി. കേരളത്തിലുടനീളമുള്ള സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ കഴിയും. അതിലൂടെ എല്ലാ മാസവും ആയിരക്കണക്കിന് രൂപ ലാഭിക്കാം. ഞങ്ങൾ ജനപക്ഷ ക്ഷേമത്തിൽ വിശ്വസിക്കുന്നു. ഞങ്ങളെല്ലായിപ്പോഴും വാഗ്ദാനങ്ങൾ പാലിക്കുന്നു. അത് കർണാടകയിലായാലും തെലങ്കാനയിലായാലും ഇപ്പോൾ കേരളത്തിലായാലും എന്നും കെ സി വേണുഗോപാൽ വ്യക്തമാക്കി.
തിരുവനന്തപുരം ആർ.എസ്.എസ് ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച പ്രഭാഷണ സഭയിൽ കേരളത്തിലെ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തതിനെ കെ സി വേണുഗോപാൽ വിമർശിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യ സമര പോരാട്ടങ്ങളെ ഒറ്റുകൊടുക്കുകയും മതനിരപേക്ഷ ബോധ്യങ്ങളെ ബലി കഴിക്കുകയും ചെയ്ത ആർഎസ്എസ് ചിന്ത തലച്ചോറിൽ പേറുന്നവർ, മഹത്തായ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തലപ്പത്തിരിക്കാൻ ഒരു കണിക കൊണ്ടുപോലും യോഗ്യരല്ല. സ്വയം രാജിവെച്ച് ഗവർണറുടെ സംരക്ഷണയിൽ നിന്ന് ആർഎസ്എസ് മേധാവിയുടെ തണലിലേക്ക് ചേക്കേറുകയാണ് മൂവർക്കും നല്ലതെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ആർ.എസ്.എസ് സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച ചടങ്ങിൽ പങ്കെടുത്ത വി.സിമാർ പ്രബുദ്ധ കേരളത്തിന് അപമാനമാണ്. മൂവരും അടിയന്തരമായി കപടതയുടെ അക്കാദമിക് കുപ്പായം അഴിച്ചുവെച്ച്, ഗണവേഷം കെട്ടി കുറുവടിയും കൊണ്ട് ആർഎസ്എസ് ശാഖകളിൽ ഗണഗീതം പാടി ശിഷ്ടകാലം ജീവിക്കുകയാണ് വേണ്ടതെന്നും വേണുഗോപാൽ വിമർശിച്ചു


