കാക്കനാട്: മാനസിക വെല്ലുവിളി നേരിടുന്ന വനിതകള്‍ക്കായി എടയ്ക്കാട്ടുവയലില്‍ ക്ഷേമ കേന്ദ്രം ഒരുങ്ങുന്നു. വനിതാ ശിശുവികസന വകുപ്പിന്റെ ‘തേജോമയ’ പദ്ധതി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് കേന്ദ്രം യാഥാര്‍ത്ഥ്യമാവുകയെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാധാകൃഷ്ണന് അറിയിച്ചു. ജില്ലാ ആസൂത്രണ സമിതിയുടെ പ്രത്യേക യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മാനസിക വെല്ലുവിളികള്‍ നേരിടുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വീടിന്റെ അന്തരീക്ഷം ഉറപ്പാക്കുന്ന കേന്ദ്രത്തില്‍ മാനസിക ഉല്ലാസത്തിനുള്ള സജ്ജീകരണങ്ങള്‍, പുനരധിവാസത്തിനുള്ള സൗകര്യങ്ങള്‍, ഡോക്ടര്‍മാരുടെ സേവനം എന്നിവ ലഭ്യമാക്കും. നിലവില്‍ ഇവിടെയുള്ള തേജോമയ കേന്ദ്രം കാക്കനാട്ടേക്ക് മാറ്റിസ്ഥാപിക്കാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് പുതിയ പദ്ധതി ആവിഷ്കരിക്കുന്നത്.
ആലുവ ജില്ലാ ആശുപത്രിയോട് ചേര്‍ന്നുള്ള മൂന്നുനില കെട്ടിടത്തില്‍ ജെറിയാട്രിക് സെന്റര്‍ സ്ഥാപിക്കും. കെട്ടിടത്തിന്റെ ആദ്യ നിലയില്‍ ഡയാലിസിസ് സെന്ററും രണ്ടും മൂന്നും നിലകളില്‍ 60 കിടപ്പുരോഗികളെ ചികിത്സിക്കാന്‍ സാധിക്കുന്ന ജെറിയാട്രിക് സെന്ററും വരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.
സംസ്ഥാനത്തിന് മാതൃകയാകുന്ന ജില്ലാതല പദ്ധതികളാണ് ആസൂത്രണം ചെയ്യേണ്ടതെന്നും പദ്ധതികള്‍ ജനകേന്ദ്രീകൃതമാകണമെന്നും കൃഷി, മൃഗസംരക്ഷണം എന്നീ മേഖലകളില്‍ കാലാനുസൃതമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ശ്രദ്ധിക്കണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
ജൂണ്‍ 30-നകം ത്രിതല പഞ്ചായത്തുകളുടെ വാര്‍ഷിക പദ്ധതി ഭേദഗതികള്‍ സര്‍ക്കാരിലേക്ക് സമര്‍പ്പിക്കേണ്ടതിന് മുന്നോടിയായി മുന്‍ഗണനാ പദ്ധതികള്‍ ചര്‍ച്ച ചെയ്ത് അന്തിമരൂപം നല്‍കാനാണ് യോഗം ചേര്‍ന്നത്. കളക്ടറേറ്റ് ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജി. ഉല്ലാസ്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


