മൂവാറ്റുപുഴ: സർക്കാർ-എക്സൈസ് വകുപ്പിന് കീഴിലുള്ള മൂവാറ്റുപുഴ വിമുക്തി ഡീ-അഡിക്ഷൻ കേന്ദ്രത്തിൽ ഉടൻ ഡോക്ടറെ നിയമിക്കുമെന്ന് ആരോഗ്യ-എക്സൈസ് വകുപ്പ് മന്ത്രിമാർ ഉറപ്പ് നൽകി. ഡോക്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ജി. രാധാകൃഷ്ണൻ മന്ത്രിമാരായ കെ. മുരളീധരനും എം. ലിജുവിനും നൽകിയ കത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.
ജില്ലയിലെ ഏക ആശ്രയം
സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന മാതൃകാ വിമുക്തി കേന്ദ്രമാണ് മൂവാറ്റുപുഴയിലേത്. ജില്ലയിലെ ഏക ഡീ-അഡിക്ഷൻ സെന്ററും ഇതാണ്. എന്നാൽ മാസങ്ങളായി ഫുൾടൈം മെഡിക്കൽ ഓഫീസർ തസ്തിക ഒഴിഞ്ഞുകിടക്കുന്നത് ലഹരിക്ക് അടിമകളായവരുടെ തുടർചികിത്സയെ സാരമായി ബാധിച്ചിരുന്നു.
“സ്ഥിരം ഡോക്ടറില്ലാത്തതിനാൽ പലരും തുടർചികിത്സ കിട്ടാതെ ദുരിതത്തിലാണ്” എന്ന് പ്രസിഡൻ്റ് കത്തിൽ ചൂണ്ടിക്കാട്ടി. നിലവിൽ കൗൺസിലർമാരും പ്രൊജക്ട് സ്റ്റാഫും മാത്രമാണ് കേന്ദ്രം നടത്തുന്നത്.
തുടർചികിത്സ മുടങ്ങുന്നു, റീലാപ്സ് കൂടുന്നു
ഡീ-ടോക്സിഫിക്കേഷൻ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നവർക്ക് മരുന്ന്, കൗൺസിലിങ്, ഫോളോ-അപ്പ് എന്നിവ കൃത്യമായി ലഭിക്കുന്നില്ല. മരുന്ന് നിർത്തുന്നതോടെ 70% പേരും 3 മാസത്തിനുള്ളിൽ വീണ്ടും ലഹരി ഉപയോഗത്തിലേക്ക് തിരികെ പോകുന്ന സാഹചര്യമാണുള്ളത്.
ലഹരി നിർത്തുമ്പോഴുള്ള വിത്ഡ്രോവൽ സീഷർ, കടുത്ത ഡിപ്രഷൻ, ആത്മഹത്യാ പ്രവണത തുടങ്ങിയ അടിയന്തര സാഹചര്യങ്ങളിൽ ഉടൻ വൈദ്യസഹായം നൽകാൻ ആളില്ലാത്ത അവസ്ഥ രോഗികളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുന്നുണ്ടെന്നും കത്തിൽ പറയുന്നു.
ദിനംപ്രതി നൂറിലധികം പേർ
ദിനംപ്രതി നൂറിൽ അധികം ആളുകളാണ് മൂവാറ്റുപുഴ വിമുക്തിയിൽ ചികിത്സ തേടിയെത്തുന്നത്. ഇവിടെ പത്തു പേർക്ക് കിടത്തി ചികിത്സാ സൗകര്യമുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് രോഗികളെത്തുമ്പോൾ ഡോക്ടറുടെ അഭാവം ചികിത്സയുടെ ഗുണനിലവാരത്തെ ബാധിച്ചിരുന്നു.
മന്ത്രിമാർക്ക് കത്ത് നൽകാൻ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷൈജോ പറമ്പിലും പ്രസിഡൻ്റിനൊപ്പം ഉണ്ടായിരുന്നു.
ഡോക്ടർ നിയമനം യാഥാർത്ഥ്യമാകുന്നതോടെ മൂവാറ്റുപുഴ വിമുക്തി കേന്ദ്രത്തിൻ്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാകുമെന്നും തുടർചികിത്സ ഉറപ്പാക്കാൻ കഴിയുമെന്നും ഉള്ള പ്രതീക്ഷയിലാണ് അധികൃതർ.


