പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് സിപിഐഎം നേതാവ് എം സ്വരാജ്. കേരളത്തിൽ ഇ. ഡി യുടെ കൂട്ടിക്കൊടുപ്പുകാരായി കോൺഗ്രസുകാർ മാറി. സംഘപരിവാറിന് ചൂട്ടു കത്തിക്കുകയാണ് കോൺഗ്രസ്. ഇടതുപക്ഷം എല്ലായിപ്പോഴും വർഗീയ രാഷ്ട്രീയത്തിനെതിരെ നിലപാടെടുത്തു. വിഡി സതീശനും കേന്ദ്രസർക്കാരും ഒരുമിച്ചാണ് ഈ നീക്കം നടത്തിയത്. സാധാരണ ജനത തെരുവിലിറങ്ങുമെന്ന് എം സ്വരാജ് പറഞ്ഞു.
രാവിലെ ആറ് മണിയോടെ, പൊലീസ് പോലും അറിയാതെ അതീവ രഹസ്യമായാണ് ഇ ഡി ഉദ്യോഗസ്ഥർ റെയ്ഡിന് എത്തിയത്. സംസ്ഥാനത്തിനകത്തും പുറത്തും പന്ത്രണ്ട് കേന്ദ്രങ്ങളിൽ ഒരേസമയം ഇ.ഡിയുടെ പരിശോധന പുരോഗമിക്കുകയാണ്. പിണറായി വിജയന്റെ തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ വാടകവീട്, കണ്ണൂർ പാണ്ട്യാലമുക്കിലെ സ്വന്തം വസതി, പി എ മുഹമ്മദ് റിയാസിന്റെ കോഴിക്കോട് കോട്ടൂളിയിലെ വീട് എന്നിവിടങ്ങളിൽ ഇ ഡി ഉദ്യോഗസ്ഥരെത്തി. പിണറായി വിജയനും മകൾ വീണയും തിരുവനന്തപുരത്തെ വീട്ടിലുണ്ടായിരുന്നു.
2017-2020 കാലളവിൽ സിഎംആർഎൽ കമ്പനിയിൽ നിന്ന് വീണ ടിയ്ക്കും കമ്പനിയായ എക്സാലോജിക്കിനും 1.72 കോടി ലഭിച്ചെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് വീണയ്ക്ക് പണം നൽകിയതെന്നും ഇത് ഉന്നത വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നുമുള്ള ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിന് അടിസ്ഥാനം. സിഎംആർഎൽ- എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണത്തിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇ. ഡിയുടെ നടപടി.


