മുംബൈ: ആത്മീയതയുടെ മറവിൽ നൂറിലധികം സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്ത ആൾദൈവവും ജ്യോത്സ്യനുമായ അശോക് ഖരാട്ടിനെതിരെയുള്ള അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. മഹാരാഷ്ട്ര സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം ഖരാട്ടിന്റെ പക്കൽ നിന്നും നാല് വ്യത്യസ്ത സിം കാർഡുകൾ കണ്ടെടുത്തു. ഓരോ സിം കാർഡും പ്രത്യേക ആവശ്യങ്ങൾക്കായിട്ടാണ് ഇയാൾ ഉപയോഗിച്ചിരുന്നത് എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഉന്നത രാഷ്ട്രീയക്കാർ, ബിസിനസുകാർ, ഉദ്യോഗസ്ഥർ എന്നിവരുമായി ബന്ധപ്പെടാൻ വേണ്ടി മാത്രമായി ഒരു സിം കാർഡ് ഇയാൾ ഉപയോഗിച്ചിരുന്നു. ഈ നമ്പറിൽ കോണ്ടാക്ട് സേവ് ചെയ്തിട്ടുള്ളത് കോഡ് ഭാഷയിലാണ്. മറ്റൊരു സിം കാർഡ് സ്ത്രീകൾക്ക് ബന്ധപ്പെടാൻ വേണ്ടി മാത്രമുള്ളതാണ്. പണമിടമാടുകൾക്കും ബാങ്കിങ് ആവശ്യങ്ങൾക്കും വേണ്ടിയുള്ളതാണ് മൂന്നാമത്തെ സിം കാർഡ്. പൊതുവായ ആവശ്യങ്ങൾക്കും മറ്റ് ഭക്തരുമായി സംസാരിക്കാനുമാണ് നാലാമത്തെ നമ്പർ ഉപയോഗിച്ചിരുന്നത്.


