മലപ്പുറം: പാര്‍ലിമെന്റില്‍ മുത്തലാഖ് ബില്ലിന്മേലുള്ള ചര്‍ച്ചയിലും വോട്ടെടുപ്പിലും വിട്ടുനിന്നതില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപിക്ക് വീഴ്ചപറ്റിയെന്ന് സാദിഖലി ശിഹാബ് തങ്ങള്‍. ജാഗ്രത കുറവ് ബോധ്യപ്പെട്ടതിനാലാണ് മുസ്ലിം ലീഗ് നേതൃത്വം കുഞ്ഞാലിക്കുട്ടിയില്‍ നിന്ന് വിശദീകരണം തേടിയതെന്നും അദ്ദേഹം വ്യക്തമാക്കി. വിമര്‍ശനം ശക്തമായതോടെയാണ് പാര്‍ട്ടി കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടിയത്.
മുത്വലാഖ് ബില്‍ പാര്‍ലമെന്റില്‍ പാസായ ദിവസം പാര്‍ലമെന്റില്‍ എത്താതെ സുഹൃത്തിന്റെ മകന്റെ വിവാഹ സത്കാരത്തില്‍ പങ്കെടുത്തെന്ന് ചൂണ്ടിക്കാട്ടി കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. മോദി സര്‍ക്കാറിനെതിരെ മുസ്ലിം സമുദായവുമായി ബന്ധപ്പെട്ട സുപ്രധാന വിഷയത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ ലഭിച്ച അവസരം പാഴാക്കിയെന്ന വിമര്‍ശവുമായി വിവിധ സംഘടനകളും നേതാക്കളും രംഗത്തെത്തിയിരുന്നു.
പാര്‍ട്ടിക്കുള്ളിലും വിഷയം സജീവ ചര്‍ച്ചയായതോടെ കൃത്യമായ വിശദീകരണം നല്കാനാകാതെ ലീഗ് പ്രതിരോധത്തിലുമായി. പാര്‍ലിമെന്റില്‍ കഴിഞ്ഞ ദിവസം നടന്ന മുത്വലാഖ് ബില്ലിന്മേലുള്ള വോട്ടെടുപ്പില്‍ പങ്കെടുക്കാതെ മലപ്പുറം പുത്തനത്താണിയിലെ വ്യവസായിയുടെ വിവാഹ ചടങ്ങില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുത്തതാണ് വിമര്‍ശത്തിനിടയാക്കിയത്. അദ്ദേഹത്തിന്റെ നിലപാടിനെതിരെ ഐ എന്‍ എല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ രംഗത്തെത്തിയതോടെ വിഷയം കൂടുതല്‍ ചര്‍ച്ചയായി.