ചെന്നൈ: പ്രണയാഭ്യര്‍ഥന നിരസിച്ചതിന്റെ പകയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കുത്തിക്കൊലപ്പെടുത്തി. തമിഴ്നാട്ടിലെ രാമേശ്വരത്താണ് ക്രൂരമായ സംഭവം. രാമേശ്വരം സ്വദേശിനിയായ ശാലിനിയാണ് കൊല്ലപ്പെട്ടത്. കുത്തിക്കൊലപ്പെടുത്തിയ മുനിരാജിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ശാലിനി സ്കൂളിലേയ്ക്ക് പോകുമ്പോഴായിരുന്നു ആക്രമണം. പെണ്‍കുട്ടിയെ പിന്തുടര്ന്നെത്തിയ മുനിരാജ്, കത്തികൊണ്ട് കുത്തി. ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശാലിനിയെ രക്ഷിയ്ക്കാനായില്ല.
പിടിയിലായ മുനിരാജ് നേരത്തെ ശാലിനിയോട് നിരവധി തവണ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. പ്രണയാഭ്യര്ഥനകളെല്ലാം നിരസിച്ച ശാലിനി ശല്യം സഹിക്കവയ്യാതെ മാതാപിതാക്കളോട് വിവരം പറഞ്ഞു. ഇതേതുടര്‍ന്ന് അച്ഛന് ഇന്നലെ രാത്രി മുനിരാജിന്റെ വീട്ടിലെത്തി ഇനി ശല്യം ചെയ്യരുതെന്ന് താക്കീത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ശാലിനിയെ കൊലപ്പെടുത്താനുള്ള ആസൂത്രണങ്ങള്‍ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു.


