തിരുവനന്തപുരം: രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ ലഭിച്ച അവസരമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പ്രതികരിച്ചു. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം. രണ്ട് ദിവസത്തിൽ മുഴുവൻ സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കും. ഇതുവരെ പരിഹരിക്കാത്ത പ്രശ്നങ്ങൾ ബിജെപി പരിഹരിച്ചിരിക്കുമെന്ന് ഉറപ്പ് നൽകിയ രാജീവ് ചന്ദ്രശേഖർ ബിജെപി അഴിമതിരഹിത ഭരണം കൊണ്ടുവരുമെന്നും കൂട്ടിച്ചേർത്തു.
അഴിമതി രഹിത ഭരണം സംസ്ഥാനത്ത് ബിജെപി കൊണ്ടുവരും. ജനസേവനത്തിന് ഇറങ്ങിയവരാണ് ഞങ്ങളുടെ സ്ഥാനാർഥികൾ. രാഷ്ട്രീയ സംസ്കാരത്തിൽ മാറ്റം കൊണ്ടുവരാൻ ലഭിച്ച അവസരമാണിതെന്നും ഇന്ന് മുതൽ ഇലക്ഷൻ ക്യാമ്പ് ആരംഭിക്കുകയാണ് ജനങ്ങളുടെ അനുഗ്രഹവും പിന്തുണയും തേടുന്നുവെന്നും ബിജെപി അധ്യക്ഷൻ വ്യക്തമാക്കി.
അതേസമയം, സംസ്ഥാനത്ത് തദ്ദേശതിരഞ്ഞെടുപ്പ് രണ്ടുഘട്ടമായാണ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് ഡിസംബര്‍ ഒമ്പതിനും രണ്ടാം ഘട്ട വോട്ടെടുപ്പ് ഡിസംബര്‍ 11നും നടക്കും. ഡിസംബര്‍ 13നായിരിക്കും വോട്ടെണ്ണൽ. നവംബര്‍ 14ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറത്തിറക്കും. നാമനിര്‍ദേശ പത്രിക നവംബര്‍ 21 വരെ നൽകാം. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴു ജില്ലകളിലായിരിക്കും ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടക്കുക. രണ്ടാം ഘട്ടത്തിൽ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസർഗോഡ് എന്നീ ഏഴു ജില്ലകളിലും വോട്ടെടുപ്പ് നടക്കും. വോട്ടെടുപ്പ് വിജ്ഞാപന തീയതി മുതൽ നാമനിര്‍ദേശ പത്രിക നൽകാം.


