മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തില്‍ 15 ന് വിപുലമായി സ്വാതന്ത്ര്യ ദിന ആഘോഷം സംഘടിപ്പിക്കും. രാവിലെ എട്ടിന് നഗരസഭ മന്ദിരത്തില്‍ മുനിസിപ്പല്‍ സെക്രട്ടറി എച്ച്. സിമി ദേശീയ പതാക ഉയര്‍ത്തും. ഒമ്പതിന് നെഹ്റു പാര്‍ക്കില്‍ പ്രത്യേകം തയാറാക്കിയ വേദിക്കു മുന്നില്‍ നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്ന് വര്‍ണ ശബളമായ സ്വാതന്ത്ര്യ ദിന റാലി ആരംഭിക്കും. നഗരസഭ കൗണ്‍സിലര്‍മാര്‍, എന്‍.സി.സി., പോലീസ്, അഗ്നിശമന സേന, സ്കൗട്ട്, ഗൈഡ്, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, രാഷ്ട്രീയ സാമൂഹിക സാംസ്കാരിക നേതാക്കള്‍ തുടങ്ങിയവര്‍ റാലിയില്‍ അണിനിരക്കും. ബാന്‍ഡ് സെറ്റ് അടക്കമുള്ളവ റാലിക്ക് കൊഴുപ്പേകും.
മൂവാറ്റുപുഴ നിര്‍മല സ്കൂള്‍ മൈതാനിയില്‍ റാലി എത്തിച്ചേരുമ്പോള്‍ ആരംഭിക്കുന്ന സ്വാതന്ത്ര്യ ദിന സമ്മേളനം മാത്യു കുഴല്നാടന് എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്മാന് പി.പി. എല്‍ദോസ് അധ്യക്ഷത വഹിക്കും. വൈസ് ചെയര്‍പഴ്സണ്‍ സിനി ബിജു, ഉപസമിതി അധ്യക്ഷന്മാരായ അജിമോന് അബ്ദുള്‍ ഖാദര്‍, പി.എം. അബ്ദുല്‍ സലാം, മീര കൃഷ്ണന്, നിസ അഷറഫ്, ജോസ് കുര്യാക്കോസ് തുടങ്ങിയവര്‍ പ്രസംഗിക്കും. മത്സര വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്യും.


