ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളെന്ന് കെ കെ ശൈലജ എംഎല്‍എ. നേരത്തെ സംശയം തോന്നിയ കാര്യങ്ങളാണ് റിപ്പോർട്ട് വെളിപ്പെടുത്തിയത്. സിനിമാ മേഖലയിൽ മാത്രമല്ല, പല തൊഴിലിടങ്ങളിലും സ്ത്രീകൾ ചൂഷണം ചെയ്യപ്പെടുന്നു. സിനിമാ വ്യവസായത്തെ ശുദ്ധീകരിക്കാൻ സിനിമാപ്രേമികൾ മുൻകൈയെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ആവശ്യമായ നടപടികൾ സർക്കാർ സ്വീകരിക്കുമെന്ന് സാംസ്കാരിക മന്ത്രി പറഞ്ഞു. അരാജകത്വം അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കും. പരാതി ലഭിച്ചാൽ സർക്കാർ നിയമനടപടി സ്വീകരിക്കും. രഹസ്യമൊഴിയിൽ പറയുന്ന പേരുകൾ പ്രസിദ്ധീകരിക്കാനാകുമോയെന്ന് നിയമപരമായി പരിശോധിക്കണം. റിപ്പോര്‍ട്ട് പുറത്ത് വിടുന്നത് മനഃപൂര്‍വ്വം വൈകിപ്പിച്ചിട്ടില്ലെന്നും കെ കെ ശൈലജ പറഞ്ഞു.
അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഇന്നലെയാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നത്. മലയാള സിനിമാ മേഖലയിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലുള്ളത്. വനിതാ പ്രവര്‍ത്തകര്‍ നേരിട്ട കടുത്ത ക്രൂരതകള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടില്‍ സിനിമയിലെ പ്രമുഖരായ താരങ്ങള്‍ക്കെതിരെയും സംവിധായകര്‍ക്കെതിരെയും നിര്‍മ്മാതാക്കള്‍ക്കെതിരെയും പരാമര്‍ശങ്ങളുണ്ട്. ജുഡീഷ്യല്‍ അധികാരങ്ങളുള്ള ട്രിബ്യൂണല്‍ വേണമെന്ന് റിപ്പോര്‍ട്ടില്‍ ഹേമ കമ്മിറ്റി ആവശ്യപ്പെടുന്നുണ്ട്. വിരമിച്ച വനിതാ ജഡ്ജിമാരെ ട്രിബ്യൂണല്‍ അധ്യക്ഷരാക്കണമെന്നും നിര്‍ദേശമുണ്ട്.