പത്തനംതിട്ട: ശബരിമലയിലെ നിരോധനാജ്ഞ നീട്ടി. ബുധനാഴ്ച അര്‍ധരാത്രി വരെയാണ് നിരോധനാജ്ഞ നീട്ടിയത്. നിരോധനാജ്ഞ നീട്ടണമെന്ന് നേരത്തെ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ജില്ല കലക്റ്ററാണ് നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചത്. നിലവിലുള്ള നിരോധനാജ്ഞ ഇന്നലെ അവസാനിക്കാനിരിക്കെയാണ് ഇപ്പോള്‍ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്.
നിരോധനാജ്ഞ ഭക്തര്‍ക്ക് തടസ്സമല്ലെന്ന് നേരത്തെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഉത്തമ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ക്രമസമാധാനം നിലനിറുത്താന്‍ നിരോധനാജ്ഞ അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു. മണ്ഡലമകരവിളക്ക് കാലത്ത് നട തുറന്നപ്പോള്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഹൈക്കോടതി രൂക്ഷവിമര്‍ശനമുന്നയിക്കുകയും നിയന്ത്രണം നീക്കണമെന്ന് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയാണ് നേരത്തേ നിരോധനാജ്ഞ നീട്ടിയത്. സന്നിധാനത്ത് മഹാകാണിക്കക്ക് മുന്നിലെ പൊലീസ് വടം മാറ്റി. വടം നീക്കണമെന്ന ദേവസ്വം ബോര്‍ഡ് ആവശ്യപ്രകാരമാണ് നടപടി. എന്നാല്‍ വാവര് നടക്ക് മുന്നിലെ ബാരിക്കേഡ് മാറ്റിയിട്ടില്ല. പമ്പയിലും നിലയ്ക്കലും നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്.
ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ശിവരാജന്റെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചിരുന്നു. ശിവരാജന് അടക്കം ഒമ്പത് പേരെലയാണ് അറസ്റ്റ് ചെയ്തു നീക്കിയത്. നിരോധനാജ്ഞ പിന്‍വലിക്കുന്നത് വരെ നിയമസഭയ്ക്ക് മുന്നില്‍ യുഡിഎഫ് എംഎല്‍എമാര്‍ സമരം നടത്തുന്നുണ്ട്. ശബരിമലയിലെ നിയന്ത്രണങ്ങള്‍ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് നടത്തുന്ന സമരവും തുടരുകയാണ്. ഇതിനിടെയാണ് ഇപ്പോള്‍ നിരോധനാജ്ഞ നീട്ടിയിരിക്കുന്നത്. ശനിയാഴ്ച സന്നിധാനത്ത് വന്‍ ഭക്തജനത്തിരക്കാണ്. വെള്ളിയാഴ്ച 76000 തീര്‍ഥാടകരാണ് മല ചവിട്ടിയത്. അവധി ദിവസങ്ങളായതിനാല്‍ കൂടുതല്‍ തീര്‍ഥാടകരെത്തുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഈ സീസണില്‍ ഏറ്റവുമധികം തീര്‍ഥാടകര്‍ വന്നത്. 79190 പേരായിരുന്നു അന്ന് എത്തിയത്.


