കൊച്ചി: ടിപി.ചന്ദ്രശേഖരന് വധക്കേസിലെ 12 പ്രതികളെ ഹൈക്കോടതിയില്‍ എത്തിച്ചു. എന്നാല്‍ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയ ജ്യോതിബാബു ഇന്ന് ഹാജരാകില്ല.
ഡയാലിസ് നടത്തിക്കൊണ്ടിരിക്കുന്ന രോഗിയാണെന്നും ഹൃദയസംബന്ധമായ ചില പ്രശ്നങ്ങള്‍ കൂടി ഉള്ളതിനാല്‍ കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്നും ജയില്‍ സൂപ്രണ്ട് ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. പ്രതികളുടെ ശിക്ഷ വര്‍ധിപ്പിക്കണമോ എന്നതില്‍ വാദം കേള്‍ക്കാനാണ് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്.
കേസില്‍ വിചാരണക്കോടതി വെറുതേവിട്ട രണ്ട് പ്രതികളെയാണ് ഹൈക്കോടതി കഴിഞ്ഞദിവസം കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. സിപിഎം ഒഞ്ചിയം മുന്‍ ഏരിയാ കമ്മിറ്റി അംഗം കെ.കെ.കൃഷ്ണന്, പാനൂര്‍ കുന്നോത്തു ലോക്കല്‍ കമ്മിറ്റി അംഗം ജ്യോതിബാബു എന്നിവര്‍ കുറ്റക്കാരാണെന്നാണ് കോടതി വിധിച്ചത്.
ഇവര്‍ പിന്നീട് കോഴിക്കോട് കോടതിയില്‍ കീഴടങ്ങിയതിന് ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ആരോഗ്യപ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ആംബുലന്‍സിലാണ് ജ്യോതിബാബു അന്നും കോടതിയില്‍ ഹാജരായത്.
പ്രതികളായ എം.സി. അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി. കെ. രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത്, കെ. ഷിനോജ്, കെ. സി. രാമചന്ദ്രന്, ട്രൗസര്‍ മനോജ്, സിപിഎം പാനൂര്‍ ഏരിയ കമ്മിറ്റിയംഗമായിരുന്ന പി. കെ. കുഞ്ഞനന്തന്, വായപ്പടച്ചി റഫീഖ് എന്നീ പ്രതികള്‍ക്കു ജീവപര്യന്തം തടവും മറ്റൊരു പ്രതിയായ ലംബു പ്രദീപനു മൂന്ന് വര്‍ഷം കഠിന തടവും വിചാരണക്കോടതി 2014ല്‍ ശിക്ഷ വിധിച്ചിരുന്നു.
പി.കെ. കുഞ്ഞനന്തന് ജയില്‍ ശിക്ഷ അനുഭവിച്ചു വരുന്നതിനിടെ 2020 ജൂണില്‍ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവായ പി. മോഹനന് ഉള്‍പ്പെടെയുള്ളവരെ കോടതി വിട്ടയച്ചിരുന്നു.
പ്രതികളെ വിട്ടയച്ചതിനെതിരേ കെ.കെ.രമ ഉള്‍പ്പെടെയുള്ളവര്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.