തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം ശശി തരൂര്‍.
ഒ.രാജഗോപാലോ ബിജെപിയോ കോണ്‍ഗ്രസോ പറഞ്ഞിട്ടല്ല ജനം വോട്ട് ചെയ്യുന്നതും വിജയിപ്പിക്കുന്നതുമെന്ന് തരൂര്‍ പ്രതികരിച്ചു.
രാഷ്ട്രീയത്തില്‍ തന്നേക്കാള്‍ ഏറെ പരിചയമുള്ള വ്യക്തിയാണ് രാജഗോപാല്‍. തനിക്കെതിരേ മത്സരിച്ചപ്പോഴും അദ്ദേഹത്തെ ബഹുമാനിച്ചിട്ടുണ്ട്. പാര്‍ട്ടി പറഞ്ഞിട്ടായിരിക്കും രാജഗോപാല്‍ പിന്നീട് അഭിപ്രായം മാറ്റിയതെന്നും തരൂര്‍ പറഞ്ഞു.
തരൂരിനെ തിരുവനന്തപുരത്ത് പരാജയപ്പെടുത്താൻ ആര്‍ക്കും കഴിയില്ലെന്ന രാജഗോപാലിന്റെ പരാമര്‍ശത്തിലായിരുന്നു തരൂരിന്റെ പ്രതികരണം. തിരുവനന്തപുരത്ത് നടന്ന എന്‍.രാമചന്ദ്രന് ഫൗണ്ടേഷന് അവാര്‍ഡ്ദാന ചടങ്ങിനിടയിലായിരുന്നു തരൂരിനെ വാനോളം പുകഴ്ത്തിയുള്ള രാജഗോപാലിന്റെ പ്രസംഗം.
എന്നാല്‍ പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി രാജഗോപാല്‍ രംഗത്തെത്തിയിരുന്നു. തിരുവനന്തപുരത്ത് തരൂരിനെ തോല്‍പ്പിക്കാനാകില്ലെന്ന് പാലക്കാട്ടുകാരനെന്ന നിലയ്ക്ക് ആലങ്കാരികമായി പറഞ്ഞതാണെന്ന് രാജഗോപാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
മാറിയ രാഷ്ട്രീയ സാഹചര്യത്തിലും മോദി സര്‍ക്കാരിന്റെ പ്രവര്‍ത്തന മികവിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ കഠിനാധ്വാനം ചെയ്താല്‍ തിരുവനന്തപുരത്ത് ബിജെപിക്ക് വിജയിക്കുവാനുള്ള സാഹചര്യം നിലവിലുണ്ടെന്നും രാജഗോപാല്‍ വ്യക്തമാക്കിയിരുന്നു.