തിരുവനന്തപുരം : കേരളത്തില്‍ ഒമിക്രോണ്‍ വൈറസിന്റെ ഉപവകഭേദം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്.
കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. അതിവേഗ വ്യാപനശേഷിയുള്ള വകഭേദമാണ് ജെ എൻ വണ്‍ എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആകെ 38 രാജ്യങ്ങളില്‍ ഈ വകഭേദം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മിക്കരാജ്യങ്ങളിലും രോഗലക്ഷണങ്ങളുള്ള ആളുകളുടെ എണ്ണത്തില്‍ ചെറിയ തോതില്‍ വര്‍ധനയുണ്ട്. പനിയും തലവേദനയും ജലദോഷവുമാണ് രോഗത്തിന്റെ പ്രധാന കാരണം.
ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 199 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആകെ 1701 ആക്ടീവ് കേസുകളുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും അറിയിച്ചിരുന്നു. ഇതില്‍ 1523 എണ്ണവും കേരളത്തിലാണെന്നും അറിയിപ്പിലുണ്ട്.


