തിരുവനന്തപുരം : മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷെഹനയുടെ ആത്മഹത്യാക്കുറിപ്പിൽ റുവൈസിന്റെ പേര് പരാമർശിച്ചിട്ടുണ്ടെന്ന് പൊലീസ്. പൊലീസിന്റെ റിമാൻഡ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ അറസ്റ്റിലായ റുവൈസിനെ റിമാൻഡ് ചെയ്തു. ആത്മഹത്യാ കുറിപ്പിൽ പേരു വന്നതും ഷഹനയുടെ ബന്ധുക്കൾ നൽകിയ മൊഴിയുമാണ് റുവൈസിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ഐപിസി 306 (ആത്മഹത്യാ പ്രേരണ), സ്ത്രീധന നിരോധന നിയമം സെക്ഷൻ 4 എന്നീ കുറ്റങ്ങൾ അനുസരിച്ചാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെട്ട് റുവൈസ് നടത്തിയ സമ്മർദ്ദമാണ് ഷഹനയുടെ ആത്മഹത്യക്ക് കാരണം. വിവാഹത്തിനു സ്ത്രീധനം ചോദിച്ച് റുവൈസ് വഞ്ചിക്കുകയായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.
“വിവാഹ വാഗ്ദാനം നൽകി ജീവിതം നശിപ്പിക്കുകയായിരുന്നു റുവൈസിൻ്റെ ലക്ഷ്യമെന്നാണ് ഷഹനയുടെ ആത്മഹത്യാക്കുറിപ്പിൽ പറയുന്നത്. ‘സ്ത്രീധനമോഹം കാരണം ഇന്നെന്റെ ജീവിതമാണ് അവസാനിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി എന്റെ ജീവിതം നശിപ്പിക്കുക എന്നതായിരുന്നു അവന്റെ ലക്ഷ്യം. ഒന്നരക്കിലോ സ്വർണവും ഏക്കർ കണക്കിന് ഭൂമിയും കൊടുക്കാനില്ല എന്നത് സത്യമാണെന്നും ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. പ്രതിയുടെ പ്രവൃത്തി അപരിഷ്കൃതവും നീചവുമാണെന്നാണ് റിമാൻഡ് റിപ്പോർട്ടില്‍ പറയുന്നത്. 14 ദിവസത്തേക്കാണ് റുവൈസിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. ഈ മാസം 21വരെയാണ് റിമാന്‍ഡ് കാലാവധി. റുവൈസിന്റെ ഫോണിലേക്ക് നിരവധി സന്ദേശങ്ങൾ ഷഹന അയച്ചിരുന്നു. റുവൈസ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തു. അതു കുറ്റകൃത്യത്തിനു തെളിവാണെന്നും പൊലീസ് പറഞ്ഞു. അഡി. ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് റുവൈസിനെ റിമാൻഡ് ചെയ്തത്.


