തിരുവനന്തപുരം: നിയമവിരുദ്ധമായ ഇളവുകള്‍ കൊടുത്തുകൊണ്ട് പി.വി അൻവറിനെ ലാൻഡ് ബോര്‍ഡും റവന്യു വകുപ്പും സഹായിച്ചുവെന്ന് ആരോപിച്ച് വിവരാവകാശ പ്രവര്ത്തകൻ കെ.വി ഷാജി.
അൻവറിനെതിരായ മിച്ചഭൂമി കേസില്‍ വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നും കെ.വി ഷാജി അറിയിച്ചു. അൻവറില്‍ നിന്നും കണ്ടെത്തിയ മിച്ചഭൂമി പിടിച്ചെടുത്ത് ഭൂരഹിതര്‍ക്ക് കൊടുക്കണമെന്ന് കാട്ടി നവകേരള സദസിലും ഷാജി പരാതി നല്‍കിയിരുന്നു.
പി.വി അന്‍വറും കുടുംബവും കൈവശം വെച്ചിരിക്കുന്ന 6.24 ഏക്കര്‍ മിച്ച ഭൂമി സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ താമരശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ഉത്തരവിട്ടത് രണ്ട് മാസം മുൻപാണ്. അന്‍വര്‍ മിച്ച ഭൂമി സ്വമേധയാ സര്‍ക്കാരിലേക്ക് നല്‍കണമെന്നും അല്ലാത്തപക്ഷം ഒരാഴ്ചക്കകം തഹസില്‍ദാര്‍മാര്‍ ഭൂമി കണ്ടുകെട്ടണമെന്നുമായിരുന്നു ഉത്തരവ്.
പെരകമണ്ണ വില്ലേജില്‍ അന്‍വറിന്റെ ആദ്യഭാര്യ ഷീജയുടെ ഉടമസ്ഥതയിലുള്ള 18.78സെന്റ് സ്ഥലത്ത് മുസ്ലീം പള്ളിയും പീടിക മുറിയുമുണ്ടെന്ന് പറഞ്ഞാണ് ഈ ഭൂമിക്ക് ഭൂപരിഷ്ക്കരണ നിയമത്തില്‍ ഇളവ് അനുവദിച്ചത്.
അന്‍വറും രണ്ടാം ഭാര്യ ഹഫ്സത്തും ചേര്‍ന്ന് കക്കാടംപൊയിലില്‍ രജിസ്റ്റര്‍ ചെയ്യാത്ത പാര്‍ടണര്‍ ഷിപ്പ് ഡീഡിന്റെ പേരില്‍ വാങ്ങിയ 11 ഏക്കര്‍ ഭൂമിയില്‍ ലാന്റ് ബോര്‍ഡ് ഇളവ് അനുവദിച്ചതും നിയമവിരുദ്ധമായെന്നും ഷാജി ആരോപിക്കുന്നു.


