കോട്ടയം : ബസ് യാത്രയ്ക്കിടെ യുവതിയെ ശല്യം ചെയ്ത പൊലീസുകാരൻ അറസ്റ്റിൽ. പെരുവന്താനം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ തത്തൻപാറയിൽ അജാസ് മോന് (35) ആണ് അറസ്റ്റിലായത്. ശനിയാഴ്ച ഉച്ചകഴിഞ്ഞു മൂന്നരയോടെയായിരുന്നു സംഭവം. പൊൻകുന്നം സ്റ്റാൻഡിൽനിന്നും യുവതി കയറിയ മുണ്ടക്കയത്തേയ്ക്കുള്ള ബസിൽ അജാസ് മോൻ കയറുകയായിരുന്നു. തൊട്ടുപിന്നിലെ സീറ്റിലിരുന്നു ശല്യം തുടങ്ങിയതോടെ യുവതി ഭർത്താവിനെ ഫോണിൽ വിവരം അറിയിച്ചു.
യാത്രയ്ക്കിടെ ഭർത്താവെത്തി ഇതേ ബസിൽ വഴിയിൽനിന്നും കയറി. വീണ്ടും ശല്യം ചെയ്തതോടെ യുവതി പ്രതികരിച്ചു. ഇതോടെ ബസിൽ യുവതിയുടെ ഭാർത്താവും അജാസ് മോനും തമ്മിൽ വാക്കുതർക്കവും സംഘർഷവുമുണ്ടായി. ഭർത്താവ് പൊലീസിൽ വിവരം അറിയിച്ചതനുസരിച്ച് ബസ് കാഞ്ഞിരപ്പള്ളിയിലെത്തിയപ്പോൾ പൊലീസ് അജാസ് മോനെ കസ്റ്റഡിയിലെടുത്തു. സംഭവം നടന്നത് പൊൻകുന്നം പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പൊൻകുന്നം പൊലീസ് എത്തി യുവതിയുടെ മൊഴിപ്രകാരം അജാസ് മോനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ അജാസ് മോനെ റിമാൻഡ് ചെയ്തു.


