പെരുമ്പാവൂര്‍: മണ്ണൂരിനു സമീപം പ്ലൈവുഡ് കമ്പനിയില്‍ നിന്നും 3 ബോഡോ തീവ്രവാദികളെ പോലീസ് അറസ്റ്റ് ചെയ്തു. 2017ല്‍ അസമിലെ പൊലീസ് സ്റ്റേഷന് ആക്രമിച്ച കേസുകളിലടക്കം പ്രതികളായ മനു ബസുമത്രെയ് (25), പ്രിതം ബസുമത്രെയ് (24), ദുമ്കെട്ട് ബ്രഹ്മ (35) എന്നിവരെയാണ് പൊലിസ് പിടികൂടിയത്. അസമില്‍ ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തിയിട്ടുണ്ട്. കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയും ആസാം പോലീസും നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. അറസ്റ്റിലായവര്‍ പരിശീലനം ലഭിച്ച ബോഡോ തീവ്രവാദികളെന്ന് കൊച്ചി ഡിസിപി ഹിമേന്ദ്രനാഥ് പറഞ്ഞു. ഇവരെ അസം പൊലീസിന് കൈമാറും.

ബോഡോ തീവ്രാദികള്‍
അസമില്‍ നിന്നെത്തിയ ഇവര്‍ കൊച്ചിയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. അസം പൊലീസ് നല്കിയ വിവരത്തെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. അസാമില്‍ കൊലപാതക കേസുകളിലടക്കം പ്രതികളായ ഇവര്‍ കേരളത്തിലെത്തിയിട്ട് 15 ദിവസമായതായാണ് വിവരം. പെരുമ്പാവൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള ഇരുന്നൂറോളം പൊലീസുകാര്‍ കമ്പനി വളഞ്ഞാണ് മൂന്ന് ബോഡോ തീവ്രവാദികളെ കസ്റ്റഡിയിലെടുത്തത്. രണ്ടാഴ്ച മുമ്പ് കമ്പനിയില്‍ ജോലിക്കെത്തിയവരാണ് മൂവരും. ഇവരുടെ കേരളത്തിലേക്കുള്ള വരവിനെക്കുറിച്ച് ഇന്റലിജന്‍സ് ഉദ്ദ്യോഗസ്ഥര്‍ അന്വേഷണം നടത്തുകയാണ്. പ്രതികളെ അസം പൊലീസ് എത്തി കൊണ്ടു പോകും.


