കോട്ടയo : കോട്ടയത്ത് വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബാങ്കിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. കര്‍ണാടക ബാങ്കിന്റെ ഭീഷണിയെ തുടര്‍ന്നാണ് വ്യവസായി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇന്നലെ ഉച്ചയോടെയാണ് കോട്ടയം അയ്മനം കുടയംപടിയില്‍ ചെരിപ്പ് കട നടത്തുകയായിരുന്ന ബിനു കെസി (50) ആത്മഹത്യ ചെയ്തത്.
കര്‍ണാടക ബാങ്ക് മാനേജര്‍ പ്രദീപ് എന്നയാളുടെ ഭീഷണിയാണ് ബിനുവിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കുടുംബം പറയുന്നു. രണ്ടു മാസത്തെ കുടിശിക മുടങ്ങിയതിന്റെ പേരില്‍ ബാങ്ക് ജീവനക്കാരന് നിരന്തരം കടയില്‍ കയറി ഭീഷണി മുഴക്കിയെന്ന് ബിനുവിന്റെ മകള്‍ നന്ദന പറഞ്ഞു.
കടയുടെ ആവശ്യത്തിന് വേണ്ടിയാണ് ബിനു 5 ലക്ഷം രൂപ വായ്പ എടുത്തത്. ഇതിന് മുമ്പും ബിനു ഇതേ ബാങ്കില്‍ നിന്ന് രണ്ട് തവണ വായ്പ എടുക്കുകയും കൃത്യമായി തിരിച്ചടക്കുകയും ചെയ്തിട്ടുണ്ട്. മാസം 14000 രൂപയാണ് അടവ് വരുന്നത്. കഴിഞ്ഞ രണ്ട് മാസമായി ഈ തുക അടക്കാന്‍ സാധിച്ചിരുന്നില്ല. ഇന്നലെയും കഴിഞ്ഞ ദിവസങ്ങളിലും മാനജേര്‍ കടയിലെത്തി അച്ഛനെ ഭീഷണിപ്പെടുത്തയതായും പണം തിരിച്ചടയ്ക്കാനാകാത്തതിലെ നാണക്കേടുകൊണ്ടാണ് അച്ഛന് ജീവനൊടുക്കിയതെന്നും മകള്‍ പറഞ്ഞു.
കര്‍ണാടക ബാങ്കിനെതിരെ കുടുംബം കോട്ടയം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്കി. മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.