കൊച്ചി: നൂറു വർഷം പിന്നിടുന്ന മഹാരാജാസ് കോളേജിന്റെ പ്രഥമ മാഗസിൻ ഡിജിറ്റലൈസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ പൂർത്തീകരിക്കുമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ പരിശോധിക്കുന്നതിന് പുരാരേഖ ഉദ്യോഗസ്ഥന്മാരെ അടുത്തദിവസം തന്നെ മഹാരാജാസ് കോളേജിലേക്ക് അയക്കുമെന്നും മന്ത്രി പറഞ്ഞു. മഹാരാജാസ് കോളേജ് പ്രധാന ഹാളിൽ വച്ച് നടത്തിയ കോളേജിലെ ആദ്യ മാസികയുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് നടത്തിയ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ചരിത്രത്തിൻറെ വിസ്മൃതികൾ ശതാബ്ദിയുടെ നിറവിൽ എത്തിയിരിക്കുന്ന കോളേജ് മാഗസിനിലുണ്ട്. പഠനത്തോടൊപ്പം ഭാരതത്തെ കുറിച്ചും സംസ്കാരത്തെ കുറിച്ചു മുള്ള ചിന്തകൾ പുതുതലമുറയിൽ വളർത്തണം. ഇതിന് ഇത്തരത്തിലുള്ള പുരാരേഖകൾ സംരക്ഷിക്കുകയും അത് തലമുറകൾക്ക് പരിചയപ്പെടുത്തുകയും വേണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോളേജിലെ ആദ്യ മാഗസിന്റെ നൂറാം വാർഷിക ആഘോഷത്തോടൊപ്പം നവതി ആഘോഷിക്കുന്ന മലയാളത്തിലെ പ്രശസ്ത എഴുത്തുകാരിയും മഹാരാജാസ് കോളേജ് പൂർവ വിദ്യാർഥിയും അധ്യാപികയുമായ പ്രൊഫസർ എം ലീലാവതി ടീച്ചറെ ചടങ്ങിൽ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. കോളേജ് ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ ലോഗോ പ്രകാശനവും ഇതോടൊപ്പം നടന്നു.
1918 ഒക്ടോബറിൽ കൊച്ചി രാജാവായിരുന്ന രാമവർമ്മയുടെ ഷഷ്ടിപൂർത്തി ആഘോഷത്തോടനുബന്ധിച്ചാണ് ആദ്യ മാഗസിൻ പുറത്തിറങ്ങിയത്. ത്രൈ മാസികയായിട്ടായിരുന്നു ആദ്യ കാലങ്ങളിൽ കോളേജ് മാഗസിൻ ഇറക്കിയത്. ആദ്യകാലം മുതൽ 2017 വരെയുള്ള കോളേജ് മാഗസിനുകളുടെ പ്രകാശനവും വാർഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഘടിപ്പിച്ചു. എം ലീലാവതിയുടെയും പ്രൊഫസർ എംകെ സാനുവിന്റെയും പ്രസിദ്ധീകൃതമായ എല്ലാ രചനകളുടെയും പ്രദർശനവും ഇതോടൊപ്പം സംഘടിപ്പിച്ചു.
ഹൈബി ഈഡൻ എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡോക്ടർ എം ലീലാവതി മുഖ്യപ്രഭാഷണം നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ കെ എൻ കൃഷ്ണകുമാർ, കോളേജ് ഗവേണിംഗ് കൗൺസിൽ ചെയർമാൻ പ്രൊ പി കെ രവീന്ദ്രൻ, എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ എം എസ് മുരളി, വൈസ് പ്രിൻസിപ്പൽ ഡോ ജയമോൾ കെ വി, ഓൾഡ് സ്റ്റുഡൻസ് അസോസിയേഷൻ പ്രസിഡണ്ട് ഡോ കെ ആർ വിശ്വംഭരൻ, മണിമലക്കുന്ന് ഗവൺമെൻറ് കോളേജ് മുൻ പ്രിൻസിപ്പൽ ഡോ എം ഷാജി, പിടിഎ സെക്രട്ടറി പ്രൊ പി എ ജനിഷ്, കോളേജ് യൂണിയൻ ചെയർമാൻ അരുൺ ജഗദീഷൻ തുടങ്ങിയവർ പങ്കെടുത്തു.


