ചെന്നൈ: മധുരയില്‍ ട്രെയിന്‍ കോച്ചിന് തീപിടിച്ച് എട്ട് പേര് മരിച്ചു. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. മധുര റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ലഖ്നൗ-രാമേശ്വരം ടൂറിസ്റ്റ് ട്രെയിനിലെ സ്ലീപ്പര്‍ കോച്ചിലാണ് തീപിടിത്തമുണ്ടായത്. സിലിണ്ടര്‍ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
63 പേരാണ് കോച്ചിലുണ്ടായിരുന്നത്. അപകടത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. ശബ്ദമാന്‍ സിങ്(65), മഥിലേശ്വരി(64) എന്നിവരുടെ മൃതദേഹങ്ങള്‍ നിലവില്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ യു.പി സ്വദേശികളാണ്. കോച്ചിനുള്ളില്‍ പാചകം ചെയ്യാന്‍ ശ്രമിച്ചപ്പോള്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് അപകടമുണ്ടായെന്നാണ് സൂചന. തീപിടിത്തത്തില്‍ കോച്ച് പൂര്‍ണമായും കത്തി നശിച്ചു. തീ അണച്ചതായി അഗ്നിരക്ഷാസേന അറിയിച്ചു.


