പെരുമ്പാവൂര്‍: ആധുനിക വൈദ്യശാസ്ത്രരംഗത്തെ പ്രഗത്ഭനായ ഒരു ഡോക്ടര്‍ മാത്രമായിരുന്നില്ല പെരുമ്പാവൂരുകാര്‍ക്ക് ഡോ. കെ.എ. ഭാസ്കരന്. അന്‍പതുവര്‍ഷത്തോളം പട്ടണത്തിലെ സാമൂഹിക, സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയരംഗങ്ങളില്‍ പ്രസരിപ്പോടെ പ്രവര്‍ത്തിയ്ക്കുകയും സാധാരണക്കാരുടെ ബഹുമാനാദരങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത മനുഷ്യസ്നേഹിയായിരുന്നു ഡോക്ടര്‍ ഭാസ്കരന് എന്നു നിസ്സംശയം പറയാം. മനസ്സിലെ നന്മയും സര്‍ക്കാര്‍ സര്‍വ്വീസിലിരുന്ന് നേടിയ ചികിത്സാപ്രാവീണ്യവും കൈപ്പുണ്യവും ഒത്തുചേര്‍ന്ന ഉത്തമനായ ഒരു ഭിഷഗ്വരന്, അതായിരുന്നു ഭാസ്കരന് ഡോക്ടര്‍. ഉദ്യോഗമുപേക്ഷിച്ച് സ്വന്തമായി പെരുമ്പാവൂരില്‍ ഒരു മിഷനാശുപത്രി തുടങ്ങുന്നതിന് അദ്ദേഹത്തിനെ പ്രേരിപ്പിച്ചതു തന്നെ നന്മയുള്ള ഒരു മനസ്സിനുടമയായതിനാലാണ് എന്ന് പഴയതലമുറയും പുതിയതലമുറയും തിരിച്ചറിഞ്ഞിരുന്നു.
സാധാരണക്കാര്‍ക്ക് കുറഞ്ഞചെലവില്‍ ചികിത്സലഭ്യമാകുന്ന ആശുപത്രിയാണ് പെരുമ്പാവൂര്‍ കെ.എസ്. ആര്.ടി.സി. റോഡിലെ എസ്.എന്‍. മിഷന് ഹോസ്പിറ്റല്‍. ആശുപത്രിയോടടുത്തുതന്നെ താമസിക്കുന്ന ഡോക്ടറുടെ സേവനം ഏതു പാതിരാത്രിയിലും ലഭിക്കുമായിരുന്നു. സാമ്പത്തിക പരിഗണനകള്‍ നോക്കാതെ ഏതൊരാള്‍ക്കും ചികിത്സലഭ്യമാക്കുക എന്ന ലക്ഷ്യം മുന്നില്‍ക്കണ്ടായിരുന്നു ആശുപത്രി ആരംഭിച്ചത്. പ്രായാധിക്യം മൂലം കുറേവര്‍ഷങ്ങളായി വിശ്രമജീവിതത്തില്‍ ആയിരുന്നു. 2015-ല്‍ ആശാന് സ്മാരക സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ പെരുമ്പാവൂര്‍ ഫൈന്‍ആര്‍ട്ട്സ് ഹാളില്‍ വച്ച് ഗംഭീര ആദരമാണ് നല്‍കിയത്.
ശാരീരികാസ്വസ്ഥതകളോടെ പഴങ്ങനാട് സമരിറ്റന്‍ ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കപ്പെട്ട ഡോക്ടറുടെ മരണം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു. 83 വയസ്സുണ്ടായിരുന്നു. കുഴൂര്‍ കക്കട്ടില്‍ വീട്ടില്‍ അയ്യപ്പന്റേയും മണിയമ്മയുടെയും അഞ്ചുമക്കളില്‍ ഇളയ മകനായ ഡോക്ടര്‍ ഭാസ്കരന് ഇടതുപക്ഷ പ്രത്യശാസ്ത്രങ്ങളില്‍ അടിയുറച്ചയാളായിരുന്നു. പെരുമ്പാവൂരില്‍ സി.പി.ഐ. (എം) ഏരിയാ കമ്മിറ്റിയംഗം ആയിരുന്ന അദ്ദേഹത്തിന് പാര്‍ട്ടി, നഗരസഭാ ചെയര്മാന് സ്ഥാനം നല്‍കിയിരുന്നു. കല ആര്‍ട്ട്സ് സൊസൈറ്റിയിലും ആശാന് സ്മാരക സാഹിത്യവേദിയിലും പ്രസിഡന്റായിരുന്നിട്ടുണ്ട്. പെരുമ്പാവൂര്‍ അക്ഷരശ്ലോകസമിതിയുടെ രക്ഷാധികാരി, റോട്ടറി ക്ലബ്ബ് സ്ഥാപക പ്രസിഡന്റ്, ഇന്ത്യന്‍ മെഡിയ്ക്കല്‍ എജ്യൂക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ്, ചെത്തുതൊഴിലാളി യൂണിയന് പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.
പെരുമ്പാവൂരിലെയും പരിസരങ്ങളിലെയും പഴമക്കാരുടെ മാത്രം ഓര്‍മ്മയിലുള്ള ആദ്യകാല ഇംഗ്ലീഷ് ഭിഷഗ്വരന്മാരുടെ ഒടുവിലത്തെ കണ്ണിയാണ് ഭാസ്കരന് ഡോക്ടര്‍ എന്നു പറയാം. മെഡിക്കല്‍ എത്തിക്സിനു വിരുദ്ധമായി പ്രവര്ത്തിയ്ക്കാത്തവരുടെ കൂട്ടത്തിലാലായിരുന്നു ഡോക്ടറും. ഡോക്ടര്‍ – രോഗീബന്ധം ഊഷ്മളമായി കാത്തു സൂക്ഷിച്ച പെരുമ്പാവൂരിലെ ചികിത്സാരംഗത്തെ ആദ്യതലമുറ കുഞ്ഞന്‍പിള്ള ഡോക്ടറില്‍ നിന്നു തുടങ്ങുന്നു. പിന്നെ വന്നതാകട്ടെ ഡോ. എസ്.പി. കുറുപ്പദ്ദേഹം. അന്നത്തെ സ്വകാര്യ പ്രാക്ടീസുകാരായിരുന്നു ഇവരെല്ലാം. അതിനുശേഷം റ്റി.എം. വര്‍ക്കി ഡോക്ടര്‍. അക്കാലത്ത് സര്‍ക്കാര്‍ സര്‍വ്വീസിലെ പ്രശസ്തന്‍ ദാമോദരന്‍ പിള്ളയദ്ദേഹമായിരുന്നു. ഇവരുടെയൊക്കെ പിന്തുടര്ച്ചക്കാരന് എന്ന നിലയിലായിരുന്നു ഭാസ്കരന് ഡോക്ടറും പെരുമ്പാവൂരില്‍ സേവനമനുഷ്ഠിച്ചിരുന്നത്. ഭാര്‍ഗ്ഗവിയാണ് ഭാര്യ. ഏക മകന് ഡോ. ഷൈന്‍ ഭാസ്കരനാണ് ഇപ്പോള്‍ ആശുപത്രിയുടെ മേല്‍നോട്ടം. ആലുവ കരുമാല്ലൂര്‍ പബ്ലിക്ക് ഹെല്‍ത്ത് സെന്ററിലെ ഡോ. ബിബിത വിശ്വം ആണ് മരുമകള്‍. പേരക്കുട്ടിയായ അങ്കിത് ഷൈന്‍ മെഡിയ്ക്കല്‍ വിദ്യാര്‍ത്ഥിയാണ്. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ അന്തിമോപചാരമര്‍പ്പിയ്ക്കാന്‍ ഡോക്ടറുടെ വീട്ടിലെത്തി. സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് പെരുമ്പാവൂരിലെ വീട്ടുവളപ്പില്‍ നടക്കും.
കൂവപ്പടി ജി. ഹരികുമാര്‍