പത്തനാപുരം : കിഴക്കന്‍ മേഖലയിലെ പ്രധാന പത്തനാപുരം കെ.എസ്.ആര്.ടി.സി. ഡിപ്പോ നിര്‍ത്തലാക്കാന്‍ നീക്കം തുടങ്ങി. ഡിപ്പോ പ്രവര്‍ത്തനം അവസാനിപ്പിച്ച് ബസുകളും സര്‍വീസുകളും സമീപ ഡിപ്പോകളിലേക്ക് മാറ്റും. ഇതിനായുള്ള നടപടി അധികൃതര്‍ തുടങ്ങി. ഡിപ്പോ നിര്‍ത്തലാക്കുമ്പോള്‍ കെ.എസ്.ആര്.ടി.സി. ഷെഡ്യൂളുകളും ബസുകളും ഏതെല്ലാം യൂണിറ്റുകളില്‍ പുനഃക്രമീകരിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് പത്തനാപുരം ഡിപ്പോ അധികൃതര്‍ക്ക് എക്സിക്യുട്ടീവ് ഡയറക്ടര്‍ കത്തുനല്‍കി.
പത്തനാപുരം ഗ്രാമപ്പഞ്ചായത്തിന്റെ അധീനതയിലുള്ള സ്ഥലമാണ് വര്‍ഷങ്ങള്‍ക്കുമുമ്പ് കെ.എസ്.ആര്.ടി.സി.ക്ക് ഡിപ്പോ തുടങ്ങാനായി വിട്ടുനല്‍കിയത്. ഉടമസ്ഥാവകാശം പഞ്ചായത്ത് തിരികെ ആവശ്യപ്പെട്ടതാണ് പ്രതിസന്ധിക്കു കാരണം. ഡിപ്പോ സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടങ്ങളും കെ.എസ്.ആര്.ടി.സി.ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ ഡിപ്പോ പ്രവര്‍ത്തനം അവസാനിപ്പിക്കുകയേ മാര്‍ഗമുള്ളൂ എന്ന നിലപാട് സ്വീകരിക്കുകയായിരുന്നു അധികൃതര്‍.
സര്‍വീസ് ഓപ്പറേഷനും അറ്റകുറ്റപ്പണികളും നിര്‍വഹിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് പരമാവധി കുറച്ച് പത്തനാപുരം ഡിപ്പോയിലെ ബസുകളും സര്‍വീസുകളും സമീപ ഡിപ്പോകളായ കൊട്ടാരക്കര, പുനലൂര്‍, അടൂര്‍, കോന്നി എന്നിവിടങ്ങളിലേക്ക് മാറ്റാനാണ് തീരുമാനം.
തിരക്കേറിയ ഡിപ്പോയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ചാല്‍ പത്തനാപുരം മേഖലയില്‍ ജനങ്ങള്‍ രൂക്ഷമായ യാത്രാക്ലേശം അഭിമുഖീകരിക്കേണ്ടിവരും. സര്‍വീസ് കുറച്ചതും ഏറെ ബസുകള്‍ മറ്റ് ഡിപ്പോകളിലേക്കു മാറ്റിയതും ഇപ്പോള്‍തന്നെ യാത്രക്കാരെ ദുരിതത്തിലാക്കിയിട്ടുണ്ട്. മലയോരമേഖലകളിലെ മിക്ക സ്ഥലത്തും കെ.എസ്.ആര്.ടി.സി.മാത്രമാണ് സര്‍വീസ് നടത്തുന്നത്. ഡിപ്പോ ഉള്ളപ്പോള്‍ ഇതാണ് അവസ്ഥയെങ്കില്‍ ഇല്ലാതാകുന്നതോടെ പ്രതിസന്ധി അതിരൂക്ഷമാകും.
ഡിപ്പോ നിലനിര്‍ത്താന്‍ ശ്രമിക്കുമെന്ന് പത്തനാപുരം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ്, എസ്.തുളസി പറഞ്ഞു. :ഡിപ്പോ നടത്തിപ്പിനായി കെ.എസ്.ആര്.ടി.സി.ക്ക് വര്‍ഷം ഒരുരൂപ നിരക്കില്‍ പാട്ടത്തിനാണ് പഞ്ചായത്ത് സ്ഥലം വിട്ടുകൊടുത്തത്. എന്നാല്‍ വര്‍ഷങ്ങളായി പാട്ടക്കരാര്‍ പുതുക്കാന്‍ കെ.എസ്.ആര്.ടി.സി. തയ്യാറായിട്ടില്ല. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ പഞ്ചായത്തിന് പ്രതിസന്ധി സൃഷ്ടിക്കുന്ന വിഷയമാണിത്. ഒട്ടേറെപ്രാവശ്യം ആവശ്യപ്പെട്ടിട്ടും പാട്ടം പുതുക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകാതിരിക്കുകയും സ്ഥലം കെ.എസ്.ആര്.ടി.സി.ക്ക് എഴുതിക്കൊടുക്കണമെന്ന് ആവശ്യമുന്നയിക്കുകയും ചെയ്തു.
സ്വകാര്യവത്കരണ നീക്കവുമായി കെ.എസ്.ആര്.ടി.സി. മുന്നോട്ടുപോകുന്ന സാഹചര്യത്തില്‍ ഉടമസ്ഥാവകാശം കൈമാറിയാല്‍ സ്ഥലം എന്നെന്നേക്കുമായി പഞ്ചായത്തിനു നഷ്ടപ്പെടാം. ഡിപ്പോ വികസനത്തിനായി സമീപമുള്ള ഒരേക്കര്‍ വനഭൂമി ലഭ്യമാക്കാനുള്ള നടപടികള്‍ പഞ്ചായത്ത് തുടങ്ങിയിട്ടുണ്ട്. കെ.എസ്.ആര്.ടി.സി.യുടെ പിടിവാശി അംഗീകരിക്കാന്‍ കഴിയില്ല. ഡിപ്പോ നിലനിര്‍ത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്നും പ്രസിഡന്റ് പറഞ്ഞു.


