ന്യൂഡല്‍ഹി: ഗോധ്ര ട്രെയിന്‍ തീവെപ്പ് കേസില്‍ എട്ട് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുന്ന പ്രതികള്‍ക്കാണ് ജാമ്യം അനുവദിച്ചത്. ശിക്ഷ അനുഭവിച്ച കാലയളവ്, കുറ്റകൃത്യത്തിലെ പങ്ക് എന്നിവയടക്കമുള്ള കാര്യങ്ങള്‍ വിലയിരുത്തിയാണ് കോടതിയുടെ നടപടി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.
കേസില്‍ ശിക്ഷിക്കപ്പെട്ട നാല് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് എട്ട് പേര്‍ക്ക് ജാമ്യം അനുവദിച്ചത്. കേസില്‍ വിചാരണ കോടതി വധശിക്ഷയ്ക്ക് വിധിച്ചെങ്കിലും ഹൈക്കോടതി ജീവപര്യന്തമായി ഇളവ് ചെയ്യുകയായിരുന്നു. 11 പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചപ്പോള്‍ മറ്റ് 20 പേരെയാണ് വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
2002 ഫെബ്രുവരി 27ന് ഗുജറാത്ത് കലാപത്തിന്റെ ഭാഗമായാണ് ഗോധ്രയില്‍ ട്രെയിന്‍ തീവെച്ചത്. സബര്‍മതി എക്സ്പ്രസിന്റെ എസ്-6 കോച്ച് കത്തിച്ച സംഭവത്തില്‍ 59 പേരായിരുന്നു കൊല്ലപ്പെട്ടത്. കലാപത്തിന്റെ ഭാഗമായി നടന്ന നരോദ ഗാം കൂട്ടക്കൊലക്കേസിലെ മുഴുവന്‍ പ്രതികളെയും അഹമ്മദാബാദ് പ്രത്യേക കോടതി ഇന്നലെയാണ് വെറുതെ വിട്ടത്.


