ന്യൂഡല്‍ഹി: കേന്ദ്ര പൊലീസ് സേനകളിലേക്കുള്ള എഴുത്തുപരീക്ഷ ഇനി മലയാളത്തിലും എഴുതാം. മലയാളം ഉള്‍പ്പെടെ 13 പ്രാദേശിക ഭാഷകളില്‍ നടത്താന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു. ഹിന്ദിക്കും ഇംഗ്ലീഷിനും പുറമെയാണ് 13 ഭാഷകളില്‍ നടത്താനുള്ള തീരുമാനം.
പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുക, പ്രാദേശിക യുവാക്കള്‍ സിആര്‍പിഎഫില്‍ ചേരുന്നത് പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് തീരുമാനം. സിആര്‍പിഎഫ്, ബിഎസ്എഫ്, സിഐഎസ്എഫ്, ഐടിബിപി ഉള്‍പ്പെടെ ഏഴ് പൊലീസ് വിഭാഗങ്ങളിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷകളാണ് മലയാളത്തില്‍ നടത്തുക. 2024 ജനുവരി ഒന്ന് മുതല്‍ ഇത് പ്രാബല്യത്തില്‍ വരും.
കേന്ദ്ര പൊലീസ് സേനയിലേക്കുള്ള മത്സര പരീക്ഷകള്‍ ഹിന്ദിയും ഇംഗ്ലീഷും ഭാഷകളില്‍ മാത്രം നടത്തുന്നതിനെതിരെ പ്രതിഷേധവുമായി തമിഴ്നാട്, തെലങ്കാന, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങള്‍ രംഗത്തെത്തിയിരുന്നു. ഹിന്ദി ഇംഗ്ലീഷ് ഭാഷകളില്‍ മാത്രം പരീക്ഷകള്‍ നടത്തുന്നത് പ്രാദേശിക ഭാഷകള്‍ സംസാരിക്കുന്നവര്‍ക്ക് അവസരം കുറയാന്‍ കാരണമാകുമെന്നായിരുന്നു വിമര്‍ശനം. ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. തമിഴടക്കം മറ്റ് പ്രാദേശിക ഭാഷകളില്‍ കൂടി പരീക്ഷകള്‍ നടത്തണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി എംകെ സ്റ്റാലിന് കേന്ദ്ര മന്ത്രി അമിത് ഷായ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.


