കൊല്ലം: പട്ടാപ്പകല്‍ യുവാവിനെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊല്ലം കിഴക്കേമാറനാട് സ്വദേശി മനുവിനെയാണ് കാറിടിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചത്.
ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഇയാളെ പിന്നിലൂടെ എത്തി കാറിടിച്ചു കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. എഴുകോണ്‍ വട്ടമണ്‍കാവിലാണ് വെള്ള നിറത്തിലുള്ള കാര്‍ മനുവിനെ ഇടിച്ചു വീഴ്ത്തിയത്. വണ്ടിയുടെ നമ്പര്‍ മറച്ചുവച്ച നിലയിലായിരുന്നു. വണ്ടിയിടിച്ച് മനു റോഡിന്റെ വശത്തേക്ക് വീണുപോയതാണ് രക്ഷയായത്. മുന്നോട്ടു പോയ കാര്‍ വീണ്ടും തിരികെയെത്തി മനുവിനെ വീണ്ടും ഇടിക്കാന്‍ ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.
പരുക്കേറ്റ മനു കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. കാറില്‍ ഉണ്ടായിരുന്ന യുവാക്കളെ മനു തിരിച്ചറിഞ്ഞതായാണ് വിവരം. ഒരു ഉത്സവവുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ നേരത്തെ കലഹം ഉണ്ടായിരുന്നു. അതിന്റെ തുടര്‍ച്ചയാകാം ഇതെന്നാണ് സംശയം. മനു ക്രിമിനല്‍ കേസുകളില്‍ പ്രതി ആയിട്ടുള്ള ആളാണെന്ന് പൊലീസ് പറഞ്ഞു. പരാതി നല്കാത്തതിനാല് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിട്ടില്ല. സിസിടിവി ക്യാമറയില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പ്രകാരം പൊലീസ് അന്വേഷണം തുടങ്ങി

