കാസർഗോഡ്: തോക്ക് ചൂണ്ടി ലോറികൾ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതികളെ മഞ്ചേശ്വരം
പിടികൂടി. കാസർകോഡ് സ്വദേശികളും അധോലോക കുറ്റവാളിയായ രവി പൂജാരിയുടെ കൂട്ടാളികളുമായ മുഹമ്മദ് സഫ്വാൻ, റഹീം, സയാഫ്, നാസിക് സ്വദേശിയായ രാകേഷ് കിഷോർ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഓടി രക്ഷപ്പെട്ട രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. രാകേഷ് കിഷോറിനെതിരെ കേരളത്തിലും കര്‍ണാടകത്തിലുമായി പൊലീസിനു നേരെ വെടിയുതിർത്തത് ഉൾപ്പടെ നിരവധി കേസുകളുണ്ട്. കൂടാതെ ഇയാൾക്ക് അന്താരാഷ്ട്ര ക്രിമിനൽ ബന്ധമുണ്ടെന്ന സൂചനയുള്ളതായി പൊലീസ് പറഞ്ഞു.
കടമ്പാർ ബജ്ജയിൽ വച്ചാണ് രണ്ട് ലോറികൾ സംഘം തട്ടിക്കൊണ്ടു പോയത്. കാറിലും ബൈക്കിലുമായത്തിയ പ്രതികൾ ഡ്രൈവർമാരെ ആക്രമിച്ച് ലോറികൾ തട്ടിയെടുക്കുകയായിരുന്നു. കൂടാതെ ഡ്രൈവർമാരുടെ മൊബൈൽ ഫോണും പണവും അക്രമികൾ മോഷ്ടിക്കുകയും ചെയ്തതായാണ് പരാതി. അന്വേഷണത്തിൽ പൈവളിക കൊമ്മഗളയിൽ നിന്ന് പൊലീസ് ലോറികൾ കണ്ടെത്തി. പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ പ്രതികൾ പൊലീസിന് നേരെയും തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി. തുടർന്ന് സാഹസികമായാണ് പൊലീസ് പ്രതികളെ കീഴ്പ്പെടുത്തിയത്.
ആദ്യം പിടികൂടിയത് മുഹമ്മദ് സഫ്വാനേയും രാകേഷ് കിഷോറിനേയുമായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് റഹിം, സയാഫ് എന്നിവർ അറസ്റ്റിലായത്. ഇവർ ഉപയോഗിച്ചിരുന്ന കാർ പൊലീസ് കസ്റ്റഡിയിലെടുത്തു. പിടികൂടിയ പ്രതികൾ അധോലോക കുറ്റവാളിയായ രവി പൂജാരിയുടെ കൂട്ടാളികളാണെന്നാണ് ലഭിക്കുന്ന വിവരം.


