പാലക്കാട്: സംസ്ഥാനത്ത് മൊബൈല്‍ ടവറുകള്‍ മോഷണം പോകുന്നതായി പരാതി. അടച്ച് പൂട്ടിയ എയര്‍സെല്‍ കമ്പനിയുടെതാണ് മോഷണം പോയ ടവറുകളിലധികവും. ടവര്‍ സ്ഥാപിച്ച ജിടിഎല്‍ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ കമ്പനിയുടെ പരാതിയിലആണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഏകദേശം 51 ഓളം ടവറുകള്‍ ഇതിനോടകം കേരളത്തില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും ഊരി മാറ്റിയതായാണ് ലഭിക്കുന്ന വിവരം.
2008-2009 കാലഘട്ടത്തില്‍ എയര്‍സെല്‍ കമ്പനിക്കായി 500 ടവറുകള്‍ സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിലായി സ്ഥാപിച്ചിരുന്നു. എയര്‍സെല്‍ പ്രവര്‍ത്തനം നിര്‍ത്തിയതോടെ കുറച്ച് ടവറുകളില്‍ മറ്റ് കമ്പനികളുടെ പാനലുകള്‍ സ്ഥാപിച്ചിരുന്നു. ശേഷിക്കുന്ന ഉപയോഗ ശൂന്യമായി കിടക്കുന്ന ടവറുകളില്‍ നിന്നാണ് മോഷണം പോയിരിക്കുന്നത്.
വര്‍ഷങ്ങളായി ടവര്‍ വാടക ലഭിക്കാത്ത സ്ഥലംഉടമകളെ കേന്ദ്രീകരിച്ചാണ് മോഷണം നടന്നിരിക്കുന്നത് എന്ന് പൊലീസ് പറഞ്ഞു. വാടക ലഭിക്കാത്തവരെ സമീപിച്ച് കമ്പനി പ്രതിനിധികളാണെന്ന് പറഞ്ഞാണ് ടവര്‍ അഴിച്ചു മാറ്റിക്കൊണ്ടിരുന്നതെന്നും പൊലീസ് അറിയിച്ചു. കേരളത്തിലെ 10 ജില്ലകളില്‍ നിന്നും 29 ടവറുകളും തമിഴ്നാട്ടിലെ കോയമ്പത്തൂര്‍ നഗരത്തില്‍ നിന്ന് മാത്രം 22 ടവറുകളും ഊരിമാറ്റിയതായാണ് ലഭിക്കുന്ന വിവരം.


