കേരളവും ഇവിടത്തെ ജനങ്ങളും കെസിആറിനൊപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. തെലങ്കാന മുഖ്യമന്ത്രി കെസി ആറിനെ അഭിനന്ദിച്ച് കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിച്ചത്. കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ നിലപാടെടുക്കുന്നതിലും സമാന മനസ്കരായ സംസ്ഥാന മുഖ്യമന്ത്രിമാരെയും പരിപാടിയിലേക്ക് ക്ഷണിച്ചതിനുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രശംസ.
തെലങ്കാനയിലെ ഭൂസമരങ്ങള്‍ അനുസ്മരിച്ചായിരുന്നു പിണറായി വിജയന്റെ പ്രസംഗം. ഇപ്പോള്‍ അധികാരത്തിലുള്ളവര്‍ക്ക് ഇന്ത്യ എങ്ങനെ നിര്‍മ്മിക്കപ്പെട്ടുവെന്നറിയില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ അവരുണ്ടായിരുന്നില്ല. സ്വതന്ത്ര മതനിരപേക്ഷ പരമാധികാര റിപ്പബ്ലിക്കാണ് നമ്മുടേത്. കോര്‍പ്പറേറ്റ് പ്രീണനത്തിനാണ് ഇപ്പോള്‍ അധികാരത്തിലുള്ളവര്‍ ശ്രമിക്കുന്നത്.
ആളുകളെ മതപരമായി ഭിന്നിപ്പിക്കുന്ന സിഎഎ പോലുള്ള നിയമങ്ങളുണ്ടാക്കാനാണ് ഇപ്പോള്‍ രാജ്യത്തിന്റെ അധികാരത്തിലുള്ളവര്‍ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തിന്റെ ഫെഡറല്‍ ഘടന തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പിണറായി വിജയന് ആരോപിച്ചു.


