ഫെബ്രുവരി ഒന്ന് മുതല്‍ ഹെല്‍ത്ത്കാര്‍ഡ് ഇല്ലാത്ത ജീവനക്കാരുള്ള ഹോട്ടലുകള്‍ പ്രവര്‍ത്തിക്കാനനുവദിക്കില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സേഫ് ഫുഡ് ഡെസ്റ്റിനേഷനാണ് ലക്ഷ്യം. സംസ്ഥാനത്ത് പരിശോധന ശക്തമാക്കുമെന്നും നടപടി കടുപ്പിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
വ്യാജമായി ഹെല്‍ത്ത് കാര്‍ഡ് ഉണ്ടാക്കി നല്കിയാല് മെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷന് ഉള്‍പ്പെടെ റദ്ദാക്കുന്ന നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ വകുപ്പുമായി ചേര്‍ന്ന് ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ താമസിക്കുന്ന ഇടങ്ങള്‍ പരിശോധിക്കണമെന്നും തീരുമാനിച്ചിട്ടുണ്ട്. ജോലിക്കാര്‍ താമസിക്കുന്ന ഇടങ്ങളിലെ ശുചിത്വം, സാഹചര്യങ്ങള്‍ പരിശോധിക്കും. ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പ്രത്യേകമായി ട്രെയിനിങ് നല്‍കും’ മന്ത്രി പറഞ്ഞു.
വടക്കന്‍ പറവൂരില്‍ ഭക്ഷ്യവിഷബാധയ്ക്കിടയാക്കിയ ഹോട്ടലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഭക്ഷ്യസുരക്ഷ ഉറപ്പാക്കാന്‍ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ പഴുതടച്ച നടപടിളെടുക്കുമെന്നും മന്ത്രി പറഞ്ഞു. ഒളിവില്‍ കഴിയുന്ന ഹോട്ടലുടമകളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
ഒളിവില്‍ പോയ പറവൂര്‍ മജ്ലിസ് ഹോട്ടല്‍ ഉടമകളായ നാല് പേര്‍ക്കെതിരെ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. പാചകക്കാരന് മാത്രമാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുളളത്. ഹോട്ടലില്‍ നിന്ന് ശേഖരിച്ച ഭക്ഷണ സാമ്പിളുകളുടെ പരിശോധനാഫലം വന്നശേഷം പൊലീസ് കൂടുതല്‍ നടപടികളിലേക്ക് നീങ്ങും.