കാക്കനാട്: ജാതീയത എന്ന ശാപം ഇന്നും സമൂഹത്തില്‍ നിലനില്ക്കുന്നു എന്ന് പട്ടികജാതി, ദേവസ്വം വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന് പറഞ്ഞു. മികവ്- കിരണം പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രിയദര്‍ശിനി ഹാളില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തില്‍ പല കാരണങ്ങളാല്‍ അക്ഷരവും അധികാരവും സമ്പത്തില്‍ നിന്നുമെല്ലാം മാറ്റി നിര്‍ത്തപ്പെട്ട വിഭാഗങ്ങളാണ് പട്ടികജാതി പട്ടിക വര്‍ഗവിഭാഗം. മികവ് കിരണം പദ്ധതികളിലൂടെ പട്ടികജാതി പട്ടികവര്‍ഗ്ഗ യുവതി യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ ഉണ്ടാക്കി കൊടുക്കാനും വരുമാനം ആര്ജജിക്കാനുമാണ് ലക്ഷ്യമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പദ്ധതി നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിനേയും, ജനപ്രതിനിധികളേയും വകുപ്പ് ഉദ്യോഗസ്ഥരേയും മന്ത്രി അഭിനന്ദിച്ചു. ജില്ലാ കേരളോത്സവത്തിന്റെ ഭാഗമായി ആപ്ലിക്കേഷന്‍ തയ്യാറാക്കിയ തൃക്കാക്കര മോഡല്‍ എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.
യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ ഡോക്ടര്‍ രേണുരാജ് യോഗത്തില്‍ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷന്മാരായ റാണിക്കുട്ടി ജോര്‍ജ് , ആശാ സനില്‍, എം.ജെ ജോമി,ജില്ലാ പഞ്ചായത്ത് മെമ്പര്‍മാരായ ഷൈനി ജോര്‍ജ്,മനോജ് മൂത്തേടന്, എ.എസ് അനില്‍കുമാര്‍, ശാരദ മോഹന്‍, മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ജില്ലാ പട്ടികജാതി ഓഫീസര്‍ കെ. സന്ധ്യ, സീനിയര്‍ ക്ലര്‍ക്ക് ജി. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ജോബി തോമസ്, സൂപ്രണ്ട് ജോസഫ് അലക്സാണ്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
മറ്റു ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ദീപു കുഞ്ഞുകുട്ടി, പി എം . നാസര്‍ , കെ.വി രവീന്ദ്രന് , എല്‍ദോ ടോം പോള്‍, ലിസി അലക്സ് , അനിമോള്‍ ബേബി, ഷൈമി വര്‍ഗീസ്, എം ബി ഷൈനി, റഷീദ സലീം, സനിത റഹീം, ഷാന്റി ഏബ്രഹാം, എല്‍സി ജോര്‍ജ് എന്നിവര്‍ പങ്കെടുത്തു.
എറണാകുളം ജില്ലാ പഞ്ചായത്ത് 2022 – 23 വര്‍ഷം ജനകീയ ആസൂത്രണ പദ്ധതി പ്രകാരം പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നടപ്പാക്കുന്ന നൂതന പദ്ധതികളാണ് കിരണവും , മികവും. കുറഞ്ഞത് പത്താം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട യുവജനങ്ങള്‍ക്ക് മൂന്നുമാസം മുതല്‍ ഒന്‍പത് മാസം വരെ നൈപുണ്യ പരിശീലനം നല്കി തൊഴില്‍ ലഭ്യമാക്കുക എന്നതാണ് മികവ് പദ്ധതി. ജില്ലയിലെ വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചുകൊണ്ട് ഫിറ്റര്‍, ഇലക്ട്രീഷ്യന്, പ്ലംബിംഗ്, ഓട്ടോമൊബൈല്‍, സാന്‍ഡ് ബ്ലാസ്റ്റിക് , വെല്‍ഡിങ്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് തുടങ്ങി വിവിധ ട്രേഡുകളില്‍ വിവിധ ട്രേഡുകളില്‍ നൈപുണ്യ പരിശീലനം നല്കുന്നു. ഐടിഐ, പോളിടെക്നിക് യോഗ്യതയുള്ളവര്‍ക്കും ഇത്തരം പണികളില്‍ ഏര്‍പ്പെടുന്നവര്‍ക്കും എന്നാല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ ഇല്ലാത്തവര്‍ക്കും ഒരു മാസത്തെ ക്രഷ് കോഴ്സ് ആണ് നല്‍കുന്നത്. ഇതോടൊപ്പം നൈപുണ്യ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് തൊഴിലും ഉറപ്പാക്കും.
എന്‍ജിനീയറിങ്, നഴ്സിംഗ്, പാരാമെഡിക്കല്‍ കോഴ്സുകള്‍ വിജയിച്ചിട്ടുള്ള പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ യുവജനങ്ങള്‍ക്ക് ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സ്റ്റൈപ്പന്‍ഡ് കൂടി തൊഴില്‍ പരിശീലത്തിന് അവസരം നല്കുന്ന പദ്ധതിയാണ് കിരണം. ജില്ലയിലെ എല്‍. എസ്.ജി.ഡി എന്‍ജിനീയറിംഗ് വിഭാഗത്തിലും സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളുമായി 700 പേര്‍ക്ക് വിധത്തില്‍ തൊഴില്‍ നല്കാന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്.ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുക എന്ന കേരള സര്‍ക്കാരിന്റെ നയത്തെ പിന്തുടര്ന്ന് പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ട പരമാവധി പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്നാണ് പദ്ധതിയുടെ ലക്ഷ്യം. രണ്ടു പദ്ധതികള്‍ക്കുമായി രണ്ടരക്കോടി രൂപയാണ് ജില്ലാ പഞ്ചായത്ത് ഇരിക്കുന്നത്..


