മണിയാര്‍ പോലീസ് ക്യാമ്പില്‍ പട്ടാപ്പകല്‍ വീണ്ടും കടുവയിറങ്ങി. വെള്ളിയാഴ്ച പകല്‍ രണ്ടുമണിയോടെ പോലീസുകാരുടെ താമസസ്ഥലത്തിന് തൊട്ടുപിന്നിലായാണ് കടുവ എത്തിയത്. പോലീസ് ക്യാമ്പിലുണ്ടായിരുന്ന സച്ചിന് എന്ന ജീവനക്കാരനാണ് കടുവയെ കണ്ടത്.
ഇയാള്‍ അറിയിച്ചതനുസരിച്ച് കൂടുതല്‍ പോലീസുകാരെത്തിയതോടെ കടുവ അവിടെനിന്നും പിന്‍വാങ്ങി സമീപത്തെ വനത്തിലേക്ക് കയറിപ്പോവുകയാണുണ്ടായത്.
ഒരുമാസം മുമ്പും മണിയാര്‍ പോലീസ് ക്യാമ്പില്‍ കടുവ എത്തിയിരുന്നു. അന്ന് ക്യാമ്പിനോട് ചേര്‍ന്നുള്ള പരേഡ് ഗ്രൗണ്ടിന് സമീപത്ത് പുലര്‍ച്ചെയാണ് കടുവയെ കണ്ടത്. ഇത്തവണ പട്ടാപ്പകല്‍ പോലീസുകാര്‍ താമസസ്ഥലത്ത് കടുവയെ കണ്ടത് ക്യാമ്പംഗങ്ങളെയാകെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. വെള്ളിയാഴ്ച കടുവയെ കണ്ടതിന് സമീപത്ത് തന്നെയാണ് പോലീസുകാരുടെ ക്വാര്‍ട്ടേഴ്സുകള്‍. ഇവിടെ സ്ത്രീകളും കൊച്ചുകുട്ടികളുമെല്ലാമുണ്ട്. മുമ്പ് ക്യാമ്പ് പരിസരത്ത് കടുവയെ കണ്ടതുമുതല്‍ ക്യാമ്പില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു.
മണിയാര്‍, കട്ടച്ചിറ മേഖലയില്‍ കടുവയുടെ സാന്നിധ്യം ഇതോടെ ശക്തമായിരിക്കുകയാണ്. ഏതാനും ദിവസം മുമ്പ് സമീപസ്ഥലമായ കൊടുമുടിയില്‍ മ്ലാവിനെ കടുവ പിടികൂടിയിരുന്നു. കടുവ കാണപ്പെട്ട സ്ഥലങ്ങളെല്ലാം തന്നെ ജനവാസ കേന്ദ്രങ്ങളാണ്.


