മൂവാറ്റുപുഴ : മുനിസിപ്പല്‍ കെട്ടിടങ്ങളിലെ അന്യായമായ വാടകവര്ദ്ദനവില് പ്രതിക്ഷേധിച്ച് ചൊവ്വാഴ്ച വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിക്കും. പി .ഡബ്ളിയു.ഡി നിരക്കില്‍ വാടക വര്ദ്ദിപ്പിക്കണമെന്നാവശ്യപെട്ട് കഴിഞ്ഞ ജൂലൈയില്‍ നഗരസഭ, വ്യാപാരികള്‍ക്ക് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്ന് പലവട്ടം ചര്‍ച്ചകള്‍ നടത്തിയിട്ടും തീരുമാനമാകാത്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍ നടത്തുന്നതെന്ന് മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മെഡിക്കല്‍ ഷോപ്പുകള്‍ ഒഴിച്ച് മുഴുവന്‍ വ്യാപാര സ്ഥാപനങ്ങളും കട അടപ്പ് സമരത്തില്‍ പങ്കെടുക്കുമെന്നും മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികള്‍ വ്യക്തമാക്കി. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് സമരം നടത്തുന്നത്.
കട അടച്ച് വ്യാപാരികള്‍ നഗരസഭ ഓഫീസ് ഉപരോധിക്കും. ക്രമാതീതമായ വാടക വര്ദ്ദനവിനെതിരെ വ്യാപാരികള്‍ കഴിഞ്ഞ ജൂലൈ മുതല്‍ പല ഘട്ടങ്ങളിലായി സമരം നടത്തിയിരുന്നു. സമരങ്ങള്‍ തീര്‍ക്കുന്നതിനായി യു.ഡി.എഫ് നേതൃത്വം അടക്കം ഇടപെട്ട് നടത്തിയ ചര്‍ച്ചകളില്‍ ഉരുത്തിരിഞ്ഞ ധാരണകള്‍ ഒന്നും പാലിക്കാന്‍ ചെയര്മാന് അടക്കമുള്ളവര്‍ തയ്യാറായില്ലന്ന് വ്യാപാരികള്‍ പറയുന്നു. പി.ഡബ്ല്യു.ഡി നിരക്കിന് സമാനമായി വാടക ഉയര്‍ത്തുന്നതിന് വ്യാപാരികള്‍ എതിരല്ല. എന്നാല്‍ അതിനായി സ്വീകരിച്ചിരിക്കുന്നമാനദണ്ഡങ്ങള് യഥാര്‍ത്ഥത്തിലുള്ളതല്ല. വലിയ നിരക്ക് ഈടാക്കുന്നതിനായി കെട്ടിടങ്ങളുടെ നിര്‍മ്മാണ ചെലവും അളവും പെരുപ്പിച്ചു കാണിച്ചിരിക്കുകയാണ്. സ്റ്റേഡിയം കോംപ്ലക്സിലെ മുറികളുടെ നിര്‍മ്മാണ സമയത്തുള്ള അളവില്‍ അല്ല വാടക കണക്കാക്കിയിരിക്കുന്നത്. സ്റ്റേഡിയത്തിലേക്കുള്ള വഴിയും ഗോവണിയും പരിസരപ്രദേശങ്ങളും വാടക കണക്കാക്കുന്നതിനുള്ള അളവിനായി ഉപയോഗിച്ചിരിക്കുകയാണ്. 352 സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള മുറിക്ക് നഗരസഭ ചാര്‍ജ്ജ് ചെയ്തിരിക്കുന്നത് 626 സ്ക്വയര്‍ മീറ്റര്‍ ആണ് . സമാനമായി എല്ലാ കോംപ്ലക്സുകളിലും ഈ രീതിയാണ് അവലംബിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി രണ്ടാംഘട്ട സമര പരിപാടി എന്ന നിലയിലാണ് വ്യാപാര ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളിേലക്ക് നീങ്ങാന്‍ വ്യാപാരികള്‍ തീരുമാനിച്ചിരിക്കുന്നതെന്നും അവര്‍ പറഞ്ഞു.
വ്യാപാര ഹര്‍ത്താലിന് മുന്നോടിയായി വിളംബര ജാഥ നടത്തി നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടിയോടുകൂടി മുവാറ്റുപുഴയിലെ വിവിധ പ്രദേശങ്ങള്‍ കറങ്ങി ജാഥ എവറസ്റ്റ് ജംഗ്ഷനില്‍ സമാപിച്ചു. മുവാററുപുഴ മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് അജ്മല്‍ ചക്കുങ്ങല്‍ ഭാരവാഹികളായ പിയ ു ഷംസുദ്ദീന്, ബോബി എസ് നെല്ലിയ്ക്കല്‍, ഗ്രെയിന്‍ സ് മര്‍ച്ചന്റ് അസോസിയേഷന് പ്രസിഡന്റ് എല്‍ദോസ് പാലപ്പുറം, യൂത്ത് വിംഗ് പ്രസിഡന്റ് ആരിഫ് പി.വി.എം ജനറല്‍ സെക്രട്ടറി ജോബി മുണ്ടയ്ക്കല്‍ ട്രഷറര്‍ സാദിഖലി എന്നിവര്‍ നേതൃത്വം നല്കി.