ആര്‍എസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂഡന് അന്തരിച്ചു. 83 വയസായിരുന്നു. വാര്‍ദ്ധക്യ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആര്‍എസ്പിയുടെ സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. രാജ്യത്തെ ഇടത് നേതാക്കളില്‍ പ്രമുഖ സ്ഥാനം അലങ്കരിച്ചിരുന്നു. മറ്റന്നാള്‍ സംസ്കാരം നടത്തും.
തെരഞ്ഞെടുപ്പില്‍ പല തവണ മത്സരിച്ചെങ്കിലും പരാജയപ്പെട്ടതല്ലാതെ ജയിക്കാന്‍ കഴിഞ്ഞിരുന്നില്ല ചന്ദ്രചൂഡന്. എന്നാല്‍ രാഷ്ട്രീയ നിലപാടുകള്‍ മുറുകെ പിടിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലും അദ്ദേഹം ഒരിക്കലും ഒരു തരത്തിലും മടി കാണിച്ചിരുന്നില്ല.
എല്‍ഡിഎഫ് വിട്ട് ആര്‍എസ്പി യുഡിഎഫിലേക്ക് പോയ ഘട്ടത്തില്‍ ചന്ദ്രചൂഡന്റെ നിലപാട് എന്താകുമെന്ന് ഉറ്റുനോക്കപ്പെട്ടിരുന്നു. അന്ന് പാര്‍ട്ടിക്കൊപ്പം അദ്ദേഹം നിലപാടെടുത്തു. യുപിഎ കാലത്ത് ദേശീയ രാഷ്ട്രീയത്തില്‍ പ്രമുഖ നേതാക്കളുടെ ഗണത്തിലേക്ക് അദ്ദേഹം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തും ദേശീയ തലത്തിലും ഇടത് രാഷ്ട്രീയ നിലപാട് ഉയര്‍ത്തിപ്പിടിച്ച നേതാവായിരുന്നു അദ്ദേഹം. ഇടതുമുന്നണിയില്‍ ഉണ്ടായിരിക്കെ, പലപ്പോഴും സിപിഎം നിലപാടിനെ തുറന്നെതിര്‍ത്തിരുന്നു.
തിരുവനന്തപുരം ജില്ലയിലാണ് അദ്ദേഹത്തിന്റെ ജനനം. ആര്‍എസ്പി വിദ്യാര്‍ത്ഥി സംഘടനയില്‍ സജീവമായിരുന്ന ചന്ദ്രചൂഡന്, കൗമുദിയില്‍ കുറച്ചു കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. 1995 മുതല്‍ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1969-1987 കാലയളവില്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ അദ്ധ്യാപകനായിരുന്നു.
1975 ല്‍ ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗമായി. 1999 ല്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. മൂന്നു തവണ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2008 ലാണ് പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായത്. 2018 വരെ പദവിയില്‍ തുടര്‍ന്നു.