നരബലി നടന്ന ഇലന്തൂരില്‍ നായകളെ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഭഗവല്‍സിങിന്റെ വീടിന്റെ പരിസരത്ത് നിന്ന് അസ്ഥി ലഭിച്ചു. അസ്ഥി മനുഷ്യന്റേതാണോ എന്ന് ഉറപ്പാക്കാന്‍ ഫോറന്‍സിക് പരിശോധന നടത്തും. കൂടുതല്‍ മൃതദേഹങ്ങള്‍ ഉണ്ടോയെന്നറിനാണ് പൊലീസ് നീക്കം.
പ്രതികള്‍ മൃഗബലി നടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. അതിനാല്‍ അസ്ഥി ഏതെങ്കിലും മൃഗത്തിന്റേതാകാം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഭഗവല്‍ സിങിന്റെ പുരയിടത്തില്‍ ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. മായ, മര്‍ഫി എന്നീ പൊലീസ് നായ്ക്കളുടെ സഹായത്തോടെയാണ് തെളിവെടുപ്പ് നടത്തുന്നത്. ആദ്യഘട്ടത്തില്‍ നായ്ക്കളെ പുരയിടത്തില്‍ എത്തിച്ച് പരിശോധിച്ചു. ഇപ്പോള്‍ ഭഗവല്‍ സിങിന്റെ തിരുമ്മല്‍ കേന്ദ്രത്തിലാണ് പരിശോധന പുരോഗമിക്കുന്നത്. മൂന്ന് സംഘങ്ങളായാണ് പരിശോധന.
റോസ്ലിന്റെയും പദ്മയുടേയും മൃതദേഹങ്ങള്‍ക്ക് പുറമേ മറ്റൊരാളെ കൂടി കൊലപ്പെടുത്തി കുഴിച്ചിട്ടുണ്ടെന്ന സംശയത്തിലാണ് പൊലീസ് പരിശോധന നടത്തുന്നത്. ഭഗവല്‍ സിങ്, ലൈല എന്നിവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ഇത് സംബന്ധിച്ച ചില സൂചനകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതെന്നാണ് വിവരം. അതേസമയം, ഇരട്ട നരബലി ദൃശ്യങ്ങള്‍ ഡാര്‍ക് വെബിലുണ്ടോയെന്നും പൊലീസ് പരിശോധിക്കും.
സൈബര്‍ കുറ്റാന്വേഷകരുടെ സഹകരണത്തോടെയാണ് ഇന്റര്‍നെറ്റിലെ അധോലോകമായ ഡാര്‍ക് വെബില്‍ പരിശോധന നടത്തുന്നത്. നരബലിയുടെ ദൃശ്യങ്ങള്‍ പ്രതികള്‍ ഷൂട്ട് ചെയ്തിട്ടുണ്ടെന്നു പൊലീസിന്റെ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടി. ഡാര്‍ക്ക് വെബിലെ നിഗൂഢ ഇടങ്ങളായി അറിയപ്പെടുന്ന ‘റെഡ് റൂമു’കളില്‍ തത്സമയ കൊലപാതകങ്ങളും ആത്മഹത്യാരംഗങ്ങളും കാണാറുള്ളതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ ഇലന്തൂര്‍ നരബലിയുടെ ദൃശ്യങ്ങളും വന്നിട്ടുണ്ടോയെന്നു കണ്ടെത്താനാണ് ശ്രമിക്കുന്നത്.


