കൊച്ചി: ലഹരിമുക്തി, നാടിന് ശക്തി എന്ന മുദ്രാവാക്യവുമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിദ്യാര്‍ത്ഥികള്‍ക്കുള്ള ബുക്ക്ലെറ്റിന്റെ വിതരണോദ്ഘാടനം ഉമ തോമസ് എം.എല്‍.എ നിര്‍വഹിച്ചു. ലഹരിയുടെ ദൂഷ്യവശങ്ങള്‍, ലഹരി മോചന കേന്ദ്രങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയാറാക്കിയതാണ് ബുക്ക്ലെറ്റ്. ലഹരിയിലേക്ക് നയിക്കുന്ന വഴികളെ കുറിച്ചും ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ചും മാനസികാരോഗ്യ വിദഗ്ധനും സംസ്ഥാന മാനസികാരോഗ്യ അതോറിറ്റി അംഗവുമായ ഡോ. സി.ജെ. ജോണിന്റെ വീഡിയോ പ്രഭാഷണം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കും. ജില്ലാ കളക്ടറുടെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും ഫേസ് ബുക്ക് പേജുകളില്‍ പ്രഭാഷണം ലഭ്യമാണ്.
തൃക്കാക്കര കെ.എം.എം കോളേജിലെ ഇംഗ്ലീഷ് പഠന വകുപ്പുകമായി സഹകരിച്ച് ഡിജിറ്റല്‍ പോസ്റ്റര്‍ രൂപകല്‍പ്പനാ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. നോ ടു ഡ്രഗ്സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കിയാണ് പോസ്റ്ററുകള്‍ തയാറാക്കേണ്ടത്. ബിരുദ, ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കുന്ന പോസ്റ്ററുകള്‍ പൊതുപരിപാടിയില്‍ പ്രദര്‍ശിപ്പിക്കും. എ4 വലിപ്പത്തില്‍ തയാറാക്കിയ പോസ്റ്ററുകള്‍ kmmengdept@gmail.com എന്ന വിലാസത്തിലേക്ക് അയക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 9447761496, 7306819862.
തിരുവാങ്കുളം മഹാത്മയുമായി സഹകരിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ സെമിനാര്‍ ഒക്ടോബര്‍ 09ന് തിരുവാങ്കുളത്തെ നഗരസഭ സോണല്‍ ഓഫീസ് ഓഡിറ്റോറിയത്തില്‍ നടക്കും. കൂടാതെ ജില്ലയിലെ വിവിധ കോളേജുകള്‍, സ്കൂളുകള്‍, യുവജന കൂട്ടായ്മകള്‍ തുടങ്ങിയവയുമായി സഹകരിച്ചും ലഹരി വിരുദ്ധ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്.