കൊച്ചി മെട്രോയില്‍ ഗ്രാഫിറ്റി എഴുതിയതെന്ന് സംശയിക്കുന്ന പ്രതികളെ ഗുജറാത്ത് പൊലീസ് പിടികൂടി. അഹമ്മദാബാദ് മെട്രോയില്‍ ഗ്രാഫിറ്റി കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് നാല് ഇറ്റാലിയന്‍ സ്വദേശികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ ചോദ്യം ചെയ്യാനായി മെട്രോ പൊലീസ് അഹമ്മദാബാദിലേക്ക് തിരിച്ചു. ഇവരെ ചോദ്യം ചെയ്ത ശേഷം വ്യക്തത വരുമെന്ന് കൊച്ചി പൊലീസ് അറിയിച്ചു. റെയില്‍വേ ഗൂണ്‍സ് എന്ന ഗ്രൂപ്പാണ് അഹമ്മദാബാദില്‍ അറസ്റ്റിലായത്.
കഴിഞ്ഞ വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഹമ്മദാബാദ് മെട്രൊ റെയിലിന്റെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്യുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഗ്രഫീറ്റി ചെയ്തതെന്നു പൊലീസ് പറഞ്ഞു. നാലുപേരെയും കോത്തവാലയിലെ ഒരു ഫ്ലാറ്റില്‍ നിന്നാണു കസ്റ്റഡിയിലെടുത്തത്. ജാന്‍ലുക, സാഷ, ഡാനിയേല്‍, പൗളോ എന്നിവരാണ് അറസ്റ്റിലായത്.
ഇവര്‍ സ്റ്റേഷനില്‍ അതിക്രമിച്ചു കടന്നു മെട്രൊ റെയില്‍ കോച്ചില്‍ ‘ടാസ്’ എന്നു സ്പ്രേ പെയിന്റ് ചെയ്യുകയായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. ലോകത്തിലെ വിവിധ നഗരങ്ങള്‍ സന്ദര്‍ശിച്ച് ട്രെയിനുകളില്‍ ഗ്രാഫീറ്റി ചെയ്യുന്ന റെയില്‍ ഗൂണ്‍സ് എന്ന സംഘത്തിലെ അംഗങ്ങളാണ് ഇവരെന്നു പൊലീസ് പറഞ്ഞു.
മേയില്‍ കൊച്ചി മെട്രൊയിലെ 4 കോച്ചുകളില്‍ സ്പ്ലാഷ്, ബേണ്‍ എന്നീ വാക്കുകള്‍ പെയിന്റ് ചെയ്തത് ഇവരാണെന്നാണ് പൊലീസ് വിലയിരുത്തല്‍. കൊച്ചി മെട്രൊയുടെ അതിസുരക്ഷാ മേഖലയായ മുട്ടം യാഡിലായിരുന്നു ഗ്രാഫീറ്റി ചെയ്തത്.


