മൂവാറ്റുപുഴ: മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോതമംഗലം തങ്കളം മാളിയേലില്‍ വീട്ടില്‍ ജോസ് സ്കറിയ (43) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നാണ് ഇയാള്‍ മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റിയത്.
പരാതി ലഭിച്ച ഉടനെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലും, ബസ് സ്റ്റാന്‍ഡ് തുടങ്ങിയ ഇടങ്ങളിലും പോലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടികൂടുകയായിരുന്നു. വ്യത്യസ്ത വിലാസങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്ന ജോസിന് ചാവക്കാട്, പാലാ, വെള്ളതൂവല്‍ എന്നിവടങ്ങളിലും കേസുകള്‍ ഉണ്ട്.
കഴിഞ്ഞ മാസം കോട്ടയത്ത് ജയിലില്‍ നിന്നിറങ്ങിയ ഇയാള്‍ വീണ്ടും സമാനമായ തട്ടിപ്പ് നടത്തുകയായിരുന്നു. മൂവാറ്റുപുഴ ഇന്‍സ്പെക്ടര്‍ എം.കെ. സജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.


