ആംആദ്മി പാര്‍ട്ടി തലവനും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഓഫീസിലെ ഡെപ്യൂട്ടി സെക്രട്ടറിയെയും രണ്ട് സബ് ഡിവിഷണല്‍ മജിസ്ട്രേറ്റുമാരെയും (എസ്ഡിഎം) സസ്പെന്‍ഡ് ചെയ്യാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന ഉത്തരവിട്ടു.
അഴിമതി ആരോപിച്ചാണ് സസ്പെന്ഷന്. ഡെപ്യൂട്ടി സെക്രട്ടറിയായി ചുമതലയേറ്റ പ്രകാശ് ചന്ദ്ര ഠാക്കൂര്‍, വസന്ത് വിഹാര്‍ എസ്ഡിഎം ഹര്‍ഷിത് ജെയിന്, വിവേക് വിഹാര്‍ എസ്ഡിഎം ദേവേന്ദര്‍ ശര്‍മ്മ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തിരിക്കുന്നത്. അവര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്ക് ഉത്തരവിടുകയും ചെയ്തതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു.
കല്‍ക്കാജി എക്സ്റ്റന്‍ഷനിലെ ഇഡബ്ല്യുഎസ് ഫ്ളാറ്റുകളുടെ നിര്‍മാണത്തില്‍ അപാകത കണ്ടെത്തിയതിനെ തുടര്‍ന്ന് ഡല്‍ഹി ഡെവലപ്മെന്റ് അതോറിറ്റിയിലെ (ഡിഡിഎ) രണ്ട് അസിസ്റ്റന്റ് എഞ്ചിനീയര്‍മാരെയും ലഫ്റ്റനന്റ് ഗവര്‍ണര്‍ തിങ്കളാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു.