അഡ്വ. എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എയുടെ പരിസ്ഥിതി സൗഹൃദ പദ്ധതിയായ പീപ്പ് ന്റെ (പെരുമ്പാവൂര്‍ എന്‍വി യോണ്‍മെന്റ് എന്റിച്ച് പ്രോഗ്രാം) ഭാഗമായി പരിസ്ഥിതി ദിനമായ ജൂണ്‍ 5 ന് പെരുമ്പാവൂര്‍ നിയോജക മണ്ഡലത്തിലെ മുനിസിപ്പാലിറ്റിയിലെയും പഞ്ചായത്തുകളിലെയും വിവിധയിടങ്ങളില്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ വൃക്ഷത്തൈ നടലും വിതരണവും നടന്നു.
പെരുമ്പാവൂര്‍ നഗരസഭയുമായി ചേര്‍ന്നായിരുന്നു പരിപാടിയുടെ നിയോജക മണ്ഡല തല ഉദ്ഘാടനം സംഘടിപ്പിച്ചിരുന്നത്. സോഷ്യല്‍ ഫോറസ്ട്രി, തദ്ദേശ സ്വയംഭരണം, കൃഷി, വിദ്യാഭ്യാസ വകുപ്പുകളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പീപ്പ് പദ്ധതി നടപ്പിലാക്കുന്നത്.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് രണ്ടായിരത്തോളം തൈകളാണ് പെരുമ്പാവൂര്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ നടുന്നത്. തൈകള്‍ നടുന്നത് എളുപ്പമുള്ള കാര്യമാണെന്നും, അത് പരിപാലിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യമെന്നും ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ട് എല്‍ദോസ് കുന്നപ്പിള്ളില്‍ എം.എല്‍.എ ഓര്‍മ്മിപ്പിച്ചു. ഈ വര്‍ഷം മുതല്‍ മികച്ച രീതിയില്‍ വൃക്ഷ പരിപാലനം നടത്തുന്ന വ്യക്തിക്ക് വൃക്ഷ സംരക്ഷക അവാര്‍ഡ് സമ്മാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മുനിസിപ്പാലിറ്റി പരിസരത്ത് നടന്ന ചടങ്ങില്‍ നഗരസഭാ ചെയര്മാന് ടി.എം സക്കീര്‍ ഹുസൈന് അധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേസില്‍ പോള്‍ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലികൊടുത്ത ചടങ്ങില്‍ വെങ്ങോല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ഹമീദ്, മുടക്കുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി അവറാച്ചന്, ഒക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മനോജ് തോട്ടപ്പിള്ളി, നഗരസഭ ഉപാധ്യക്ഷ ഷീബ ബേബി, കൗണ്‍സിലര്‍മാര്‍, പഞ്ചായത്ത് അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്ത പൊതു ജനങ്ങള്‍ക്ക് വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.


