കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സൂപ്രണ്ടിനെ സസ്പെന്‍ഡ് ചെയ്തു. സൂപ്രണ്ട് ഡോ. കെ സി രമേശനെയാണ് സസ്പെന്‍ഡ് ചെയ്തത്. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
കഴിഞ്ഞ ദിവസം കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും രക്ഷപ്പെട്ട രോഗി മരിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് മന്ത്രി ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. അന്വേഷണത്തില്‍ സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നും കൃത്യവിലോപം സംഭവിച്ചതായി കണ്ടെത്തി.
ആശുപത്രിയിലെ തുടര്‍ച്ചയായുണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടെ അനാസ്ഥയാണെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. സൂപ്രണ്ടിനെതിരെ നടപടി വേണമെന്നും ശുപാര്‍ശ ചെയ്തിരുന്നു. ഇക്കാര്യം വിശദമായി പരിശോധിച്ചാണ് സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ടത്.
റിമാന്‍ഡ് പ്രതിയായിരുന്ന മലപ്പുറം സ്വദേശി മുഹമ്മദ് ഇര്ഫാന് എന്ന അന്തേവാസിയാണ് വാഹനാപകടത്തില്‍ മരിച്ചത്. വാഹന മോഷണക്കേസുകളില്‍ റിമാന്‍ഡിലായിരുന്ന മുഹമ്മദ് ഇര്‍ഫാനെ, മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് കുതരിവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മൂന്നാം വാര്‍ഡിലെ സെല്ലില്‍ താമസിച്ചിരുന്ന ഇയാള്‍ സ്പൂണ്‍ ഉപയോഗിച്ച് കുളിമുറിയുടെ ഭിത്തി തുരന്നാണ് ഇന്നലെ രാത്രി പുറത്തുകടന്നത്. ദിവസങ്ങളുടെ പരിശ്രമം ഇതിനെടുത്തെന്നാണ് പൊലീസ് നിഗമനം. ഭിത്തിയുടെ ബലക്കറുവും അനുകൂലമായി.


