എറണാകുളം: സര്‍വീസിനായി നിര്‍ത്തിയിട്ട കെഎസ്ആര്‍ടിസി ബസ് മോഷ്ടിച്ച് കടന്നയാള്‍ അറസ്റ്റില്‍. മോഷ്ടിച്ച ബസ് ഓടിച്ചു പോകുന്നതിനിടെ നിരവധി വാഹനങ്ങളില്‍ ഇടിച്ചിരുന്നു. കോഴിക്കോട് ആലുവ റൂട്ടില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസ്സഞ്ചര്‍ ബസാണ് മോഷണം പോയത്. ബസ് മോഷ്ടിച്ചയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ 8.20നാണ് സംഭവം.
ഡീസല്‍ അടിച്ച ശേഷം ബസ് സര്‍വീസിനായി നിര്‍ത്തിയിട്ടിരിക്കുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാരന്റെ വേഷത്തിലെത്തിയ ഇയാള്‍ ബസുമായി കടന്നു കളയുകയായിരുന്നു. ബസ് കാണാതായതോടെ ബസ് സ്റ്റാന്‍ഡിലുളള മറ്റുള്ളവര്‍ മെക്കാനിക്ക് വണ്ടിയെടുത്തതാകാമെന്ന് സംശയിച്ചു.
പ്രതി ബസുമായി പോകവെ സര്‍ക്കാര്‍ ആശുപത്രി പരിസരത്ത് മറ്റൊരു വണ്ടിയില്‍ ഉരസി നിര്‍ത്താതെ പോയിരുന്നു. തുടര്‍ന്ന് ആ വണ്ടിയിലുണ്ടായിരുന്നവര്‍ പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്നാണ് ബസ് മോഷ്ടിക്കപ്പെട്ടതായി അറിയുന്നത്. ബസിനെ പിന്തുടര്‍ന്ന എറണാകുളം നോര്‍ത്ത് പോലീസ് കലൂരില്‍ വെച്ച് പിടികൂടുകയായിരുന്നു.


