വര്‍ക്കലയില്‍ പ്രഭാത സവാരിക്കിറങ്ങിയ ശിവപ്രസാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കീഴ്ക്കോടതി ജീവപര്യന്തം ശിക്ഷിച്ച ആറു പേരെ ഹൈക്കോടതി വെറുതെ വിട്ടു. അഞ്ചാം പ്രതി സുധി നാരായണന്റെ ശിക്ഷ ശരിവച്ചു. പ്രതികള്‍ നല്കിയ അപ്പീല്‍ ഹര്‍ജി പരിഗണിച്ചാണ് കോടതി നടപടി. ദലിത് ഹ്യൂമന്‍ റൈറ്റ്സ് മൂവ്മെന്റ് (ഡിഎച്ച്ആര്‍എം) സംസ്ഥാന ചെയര്മാന് ഉള്‍പ്പെടെ പ്രതികളായ കേസിലാണ് കോടതിയുടെ നടപടി.
2009 സെപ്റ്റംബര്‍ 23ന് പുലര്‍ച്ചെ 5.30നാണ് വര്‍ക്കല അയിരൂര്‍ സ്വദേശി ശിവപ്രസാദിനെ പ്രഭാത സവാരിക്കിടെ വെട്ടിക്കൊലപ്പെടുത്തിയത്. ഡിഎച്ച്ആര്‍എം എന്ന സംഘടന ശ്രദ്ധിക്കപ്പെടുമെന്ന വിശ്വസത്തിലായിരുന്നു ആക്രമണമെന്നു പ്രതികള്‍ പൊലീസിനോടു വെളിപ്പെടുത്തിയിരുന്നു. സംഘടനയുടെ അംഗബലം ബോധ്യപ്പെടുത്താനാണ് ആക്രമണം നടത്തിയതെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തല്‍.
ശിവപ്രസാദിനെ കൊലപ്പെടുത്തിയതിനു പിന്നാലെ അയിരൂരിനു സമീപം മാവിളക്കുന്നില്‍ ചായക്കട ഉടമ അശോകനെയും അക്രമികള്‍ വെട്ടി പരുക്കേല്പിച്ചു. കടയിലെത്തി സിഗരറ്റ് ചോദിച്ച് എടുക്കാനായി തിരിഞ്ഞപ്പോള്‍ വെട്ടി പരുക്കേല്പിക്കുകയായിരുന്നു. ഒരു സംഘടന ജനശ്രദ്ധ ലഭിക്കുന്നതിനു വേണ്ടി കൊല നടത്തുമോ എന്ന തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും പൊലീസ് കുറ്റപത്രം സംഘടനയ്ക്ക് എതിരായിരുന്നു.
വര്‍ക്കലയില്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞായിരുന്നു പ്രതികളുടെ ആക്രമണങ്ങളും കൊലപാതകവും. തുടര്‍ന്നാണ് ഏഴു പ്രതികള്‍ക്ക് കോടതി ജീവപര്യന്തം വിധിച്ചത്. 2,85,000 രൂപ പിഴയടയ്ക്കാനും ഉത്തരവിട്ടിരുന്നു. തിരുവനന്തപുരം അഡിഷനല്‍ സെഷന്‍സ് കോടതിയുടേതായിരുന്നു വിധി.


