മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്ത് ഭരണ സമിതിയിലെ ഏറ്റവും മുതിര്‍ന്ന അംഗവും ആതവനാട് ഡിവിഷന് മെമ്പറുമായ മൂര്‍ക്കത്ത് ഹംസ മാസ്റ്ററുടെ (62) നിര്യാണത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അനുശോചിച്ചു. മാറാക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ കേരളത്തില്‍ തന്നെ ഏറ്റവും ശ്രദ്ധേയമായ അക്ഷയ പദ്ധതി മാതൃകാപരമായി ഏറ്റെടുത്ത് നടത്തിയ മികച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം. 33 വര്‍ഷത്തോളം കാടാമ്പുഴ യു. പി. സ്കൂള്‍ അധ്യാപകനായും പ്രധാനാധ്യാപകനായും സ്തുത്യര്‍ഹമായ സേവനം അദ്ദേഹം കാഴ്ച വെച്ചു.
പി. എസ്. എം. ഒ കോളേജില്‍ നിന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്ന ഹംസ മാസ്റ്റര്‍ സാക്ഷരതാ പ്രസ്ഥാനത്തിലും ജനകീയാസൂത്രണ പ്രസ്ഥാനത്തിലും സംസ്ഥാന, ജില്ലാ റിസോഴ്സ് പേര്‍സണല്‍ എന്നീ നിലകളില്‍ മികച്ച രീതിയില്‍ തന്നെ നേതൃപരമായ ഇടപെടല്‍ നടത്തി. മദ്യ നിരോധന പ്രവര്‍ത്തനങ്ങളിലും ബോധ വത്കരണങ്ങളിലും സംസ്ഥാന തലത്തില്‍ തന്നെ സജീവമായ സാന്നിധ്യമായിരുന്നു അദ്ദേഹം. മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെഎസ്.ടി.യു, മദ്യ നിരോധന സമിതി തുടങ്ങിയ സംഘടനകളുടെ ഭാരവാഹിത്വം വഹിച്ചു.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതി രൂപീകരണത്തിലും പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും കാര്യക്ഷമമായ ഇടപെടല്‍ നടത്തിയ ജനപ്രതിനിധിയായിരുന്നു ഹംസ മാസ്റ്റര്‍. തന്റെ ഡിവിഷനിലെ പദ്ധതികളും ജില്ലയിലെ പൊതുവായ വികസന പദ്ധതികളും സമയ ബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിന് ഏറ്റവും നന്നായി ഇടപെടാന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.
തലച്ചോറിലുണ്ടായ രക്ത സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അദ്ദേഹത്തെ ആദ്യം കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെയ്ത്ര ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചത്. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളിലും നിറ സാന്നിധ്യമായിരുന്ന അദ്ദേഹം നാട്ടിലെ ഡയാലിസിസ് സെന്ററുമായി ബന്ധപ്പെട്ട യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് രോഗ ബാധിതനയത്.
ഹംസ മാസ്റ്ററുടെ അകാല വിയോഗത്തിലൂടെ മലപ്പുറം ജില്ലാ പഞ്ചായത്തിന് ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഒരു അംഗത്തെയും ഒപ്പം മലപ്പുറം ജില്ലക്ക് മികച്ച ഒരു പൊതു പ്രവര്‍ത്തകനെയുമാണ് നഷ്ടമായിരിക്കുന്നത്.
മൂര്‍ക്കത്ത് ഹംസ മാസ്റ്ററുടെ വിയോഗത്തില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് അതിയായ ദുഃഖവും അനുശോചനങ്ങളും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കു ചേര്‍ന്നു.
ഹംസ മാസ്റ്ററോടുള്ള ആദര സൂചകമായി മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഒരാഴ്ചത്തേക്കുള്ള എല്ലാ പൊതു പരിപാടികളും മാറ്റി വെച്ചതായി ജില്ലാ പഞ്ചായത്ത് അറിയിച്ചു.


